1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2020

സ്വന്തം ലേഖകൻ: തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഓൺലൈൻ ദർശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ. മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദർശനം അനുവദിക്കാമെന്നും ശുപാർശയുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാകും മണ്ഡലകാലത്ത് ദർശനം. വിശ്വാസപരമായ കാര്യങ്ങളിൽ തന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശുപാർശ. ദർശനം വേണ്ടവർ സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തുള്ളവർക്കും ഇത് നിർബന്ധമാണ്. റജിസ്‌ട്രേഷന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. നിലയ്ക്കലിൽ വീണ്ടും ആന്റിജൻ പരിശോധന ഉണ്ടാകും. ഇതിന്റെ ചെലവ് തീർഥാടകൻ വഹിക്കണം.

പമ്പ വഴി മാത്രമാകും സന്നിധാനത്തേക്ക് പ്രവേശനം. എരുമേലിയും പുല്ലുമേടും ഉൾപ്പെടെയുള്ള പരമ്പരാഗത കാനന പാതകൾ വനം വകുപ്പ് അടയ്ക്കും. പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും താമസിക്കാനും കഴിയില്ല. നെയ്യഭിഷേകം ഉണ്ടാകും.

തീർഥാടനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രതിദിനം 1000 പേർക്കാകും പ്രവേശനം. ശനിയും ഞായറും 2000 പേരെ അനുവദിക്കും. അടുത്ത ഘട്ടം പ്രതിദിനം 5000 പേർക്കു വരെ ദർശനം അനുവദിക്കാമെന്നാണ് വിലയിരുത്തൽ. 10 വയസ്സിനു താഴെയും 65 നു മുകളിലുമുള്ളവർക്ക് നിയന്ത്രണമുണ്ട്. 10 വയസ്സിനു താഴെയുള്ളവർക്ക് ദർശനത്തിന് അനുവാദമില്ല.

65 നു മുകളിലുള്ളവർ കൊവിഡ് സർട്ടിഫിക്കറ്റിനു പുറമേ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന പ്രത്യേക സർട്ടിഫിക്കറ്റും ഹാജരാക്കണം. സമിതി ശുപാർശ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഓൺലൈൻ ദർശനം, മാസ പൂജയ്ക്ക് കൂടുതൽ ദിവസം ദർശനം എന്നിവയിൽ തന്ത്രിയുടെ തീരുമാനം അനുസരിച്ചായിരിക്കും നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.