1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2019

സ്വന്തം ലേഖകന്‍: ‘അവിടെ പോകുമ്പോള്‍ ഒന്ന് കരുതിയിരുന്നോളൂ,’ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും. ശബരിമയിലെ യുവതീ പ്രവേശനം സംബന്ധിച്ച് സംസ്ഥാനം യുദ്ധക്കളമായതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുന്ന ബ്രിട്ടീഷ് പൗരന്മാര്‍ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല വിഷയത്തില്‍ കേരളത്തിലെ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകാന്‍ സാധ്യതയുണ്ട്. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പൊതുഗതാഗത സംവിധാനങ്ങള്‍ അടക്കമുള്ളവ തടസപ്പെട്ടേക്കാം.

ജനക്കൂട്ടം സംഘടിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് നല്‍കിയിട്ടുള്ള പൊതുജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെയാണ് കേരളത്തിലെ സ്ഥിതിഗതികളും ബ്രിട്ടന്‍ പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളത്.ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ കേരളത്തില്‍ വ്യാപക അക്രമ സംഭവങ്ങളാണ് നടന്നതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ അക്രമ സംഭവങ്ങളുണ്ടായി. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. 45 ബസ്സുകള്‍ തകര്‍ക്കപ്പെടുകയും വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഹര്‍ത്താല്‍മൂലം കടകള്‍ അടഞ്ഞുകിടക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നാണ് അമേരിക്ക നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.