1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2018

സ്വന്തം ലേഖകന്‍: മല കയറാനെത്തിയ വനിതാ സംഘടന മനിതിയുടെ അംഗങ്ങളും പ്രതിഷേധക്കാരും പമ്പയില്‍ നേര്‍ക്കുനേര്‍; അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് മനിതി; കടത്തിവിടാതെ പൊലീസ്. അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ മനിതി സംഘം. ഇക്കാര്യം പൊലീസിനെ അറിയിച്ചു. ദര്‍ശനം നടത്താനാണു തീരുമാനമെന്ന് മനിതി നേതാവ് സെല്‍വി മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍ പമ്പയില്‍നിന്ന് മുകളിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ ഇരിപ്പുറപ്പിച്ചതിനാല്‍ മുകളിലേക്കു കയറ്റിവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. മനിതി സംഘം പമ്പയില്‍ തുടരുന്നു. പമ്പയിലെത്തിയ യുവതികള്‍ക്കെതിരെ ആദ്യം അഞ്ച് പേരാണു പ്രതിഷേധിച്ചത്. പിന്നീട് ഇവരുടെ എണ്ണം 200ന് മുകളിലെത്തി.

റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം കാരണം മനിതി സംഘത്തിന് മുന്നോട്ട് പോകാനായിട്ടില്ല. 11 പേരുടെ മനിതി സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ട് നിറച്ചത്. കെട്ടു നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സംഘം സ്വയം കെട്ടു നിറച്ചത്. മല കയറാനെത്തിയ യുവതികളടക്കമുള്ളവരും റോഡില്‍ കുത്തിയിരിപ്പ് തുടങ്ങിയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മനിതി പ്രവര്‍ത്തക സെല്‍വിയെ ചര്‍ച്ചയ്ക്ക് വിളിച്ചു.

സി ഐയുമായുള്ള ചര്‍ച്ചയില്‍ ദര്‍ശനം നടത്തണമെന്ന നിലപാട് സെല്‍വി വ്യക്തമാക്കി. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല ഭക്തരാണെന്നും എന്തൊക്കെ സംഭവിച്ചാലും ദര്‍ശനം നടത്തുമെന്നും സംഘം അറിയിച്ചു. അയ്യപ്പ ദര്‍ശനത്തിന് ശേഷം മാത്രമേ മടങ്ങി പോകൂ എന്ന നിലപാടാണ് യുവതികള്‍ പങ്കുവയ്ക്കുന്നത്. പ്രതിഷേധക്കാര്‍ എത്രനേരം കുത്തിയിരിക്കുമോ അത്രയും നേരം കാത്തിരിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചിരുന്നു.

കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.

ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്. തമിഴ്‌നാട്‌കേരള പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയുടെ ബലത്തിലാണ് പ്രതിഷേധിക്കാരെ മറികടന്ന് സംഘം കേരളത്തില്‍ എത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു.

തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.