സ്വന്തം ലേഖകന്‍: കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു; അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമെന്ന് ശബരിമല കര്‍മ സമിതി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭാ സുരേന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എന്നിവര്‍ അയ്യപ്പജ്യോതി തെളിയിച്ചു. സിനിമാ നടി മേനക സുരേഷും ജ്യോതി തെളിയിച്ചു. പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ വിളക്ക് തെളിയിച്ചു. ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലാണ് അയ്യപ്പജ്യോതിയുടെ പ്രധാന വേദി. എന്‍എസ്എസ് അംഗങ്ങളും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രസിഡന്റ് സുകുമാരന്‍ നായര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മന്നം സമാധിയിലെത്തി.
ദേശീയപാതയിലും എംസി റോഡിലുമായി 795 കിലോമീറ്റര്‍ ദൂരത്തിലാണ് അയ്യപ്പജ്യോതി തെളിയിച്ചത്. ആറ്റിങ്ങലില്‍ നേതൃത്വം നല്‍കിയത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആണ്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എംപി നേതൃത്വം നല്കി. എംജിഎ രാമന്, കെഎസ് രാധാകൃഷ്ണന്, മാടമ്പ് കുഞ്ഞിക്കുട്ടന്‍ തുടങ്ങിയവരും പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.
അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്.കുമാര്‍ അറിയിച്ചു. ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമായെന്ന് എസ്.ജെ.ആര്.കുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല