1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2018

സ്വന്തം ലേഖകന്‍: ശബരിമലയിലെ നിയന്ത്രണങ്ങള്‍; വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു; നിരോധാനാജ്ഞ ഈ മാസം 26 വരെ നീട്ടി. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.

ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹരജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോര്‍ജ്ജ് എം.എല്‍.എ സമര്‍പ്പിച്ച ഹരജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും. ശബരിമലയിലെ പൊലീസ് അതിക്രമം സംബന്ധിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ശബരിമലയില്‍ അക്രമം നടത്തിയ പോലീസ് കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍ സമര്‍പ്പിച്ച ഹരജിയും ഇന്നു കോടതിയുടെ പരിഗണയിലുണ്ട്. ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്‌പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഡിവിഷന്‍ ബഞ്ച് പരിഗണിക്കും. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ടി.ജി മോഹന്‍ദാസിന്റെ ഹരജിയില്‍ വാദം തുടരും.

ശബരിമലയില്‍ കുടിവെള്ളം, പ്രാഥമിക കൃത്യ നിര്‍വഹണം എന്നിവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബസിച്ച് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം നല്‍കും.

ശബരിമലയിലെ നിരോധാനാജ്ഞ ഈ മാസം 26 വരെ നീട്ടി. ഇലവുങ്കല്‍,പമ്പ, നിലയ്ക്കല്‍ ,സന്നിധാനം എന്നിവടങ്ങളിലാണ് നിരോധാനാജ്ഞ തുടരുക. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എസ്.പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.