സ്വന്തം ലേഖകന്‍: നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തെ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു; സംസ്ഥാനവ്യാപകമായി നാമജപ പ്രതിഷേധം; കെ.പി. ശശികല വീണ്ടും സന്നിധാനത്തേക്ക്; പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് പൊലീസിന് ഉറപ്പ് നല്‍കി. ഞായറാഴ്ച രാത്രി വൈകി സന്നിധാനത്ത് നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാളികപ്പുറത്തു വിരിവയ്ക്കാന്‍ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടര്‍ന്നാണ് രാത്രി പ്രതിഷേധം നടന്നത്.
നൂറോളം പേരെയാണ് രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. എന്നാല്‍ 65 പേര്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ രാവിലെ പത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഇവരെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റും. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാന്‍ പൊലീസ് തയാറായില്ല.
സന്നിധാനത്തെ കൂട്ട അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും പ്രതിഷേധിച്ചിരുന്നു. രാവിലെ നാല് മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പുറപ്പെട്ടു.
പുലര്‍ച്ചെ എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് ശശികല പുറപ്പെട്ട ശശികല കെ.എസ്.ആര്‍.ടി.സി. ബസിലാണ് യാത്ര തിരിച്ചത്. ഇന്നലെ അര്‍ധരാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിലയ്ക്കലില്‍ വച്ച് പൊലീസ് മേധാവി യതീഷ് ചന്ദ്ര ശശികലയ്ക്ക് നിര്‍ദേശങ്ങള്‍ കൈമാറി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് ശശികല പൊലീസിന് ഉറപ്പ് നല്‍കിയതാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല