1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2018

സ്വന്തം ലേഖകന്‍: സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം; കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ശബരിമല സന്ദര്‍ശിക്കും; മനുഷ്യാവകാശ കമ്മീഷനും സന്നിധാനത്തേക്ക്. സന്നിധാനത്ത് വീണ്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം. ശബരിമലയിലെ വാവര് നടയിലാണ് 22 പേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാത്രി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസെത്തി വാവര് നടയില്‍നിന്ന് നീക്കി മാളികപ്പുറം നടപ്പന്തലിന് സമീപത്തേക്ക് മാറ്റി.

മലിനമായ സ്ഥലത്തേക്കാണു തങ്ങളെ മാറ്റിയതെന്ന് ഭക്തര്‍ ആരോപിച്ചു. ഇവര്‍ പിന്നീട് പിരിഞ്ഞുപോയി. ഇന്നലെ രാത്രിയും സന്നിധാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വലിയനടപ്പന്തലില്‍ നാമം ജപിച്ച് പ്രതിഷേധിച്ച അന്‍പതിലേറെ തീര്‍ത്ഥാടകരെ ഇന്നലെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ആരോപിച്ചുള്ള അറസ്റ്റ് ബലപ്രയോഗത്തിനും കാരണമായി.

ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമലയിലെത്തും. രാവിലെ 10 മണിക്ക് ഇവര്‍ നിലയ്ക്കലിലെത്തും. പമ്പയിലും സന്നിധാനവും എംപിമാര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും എംപിമാരോടൊപ്പമുണ്ടാകും. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ 21ന് ശബരിമല സന്ദര്‍ശിക്കും.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ഇന്ന് ശബരിമലയിലെത്തി നിരോധനാജ്ഞ ലംഘിക്കും. ശബരിമല വിഷയത്തില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ ഇന്ന് ശബരിമലയിലെത്തുന്നത്. ശബരിമല പോലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യുഡിഎഫ് നിലപാട്.

മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്നാണു തീരുമാനം. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടിവരും. ഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടിവരും. സന്നിധാനത്തു നടപടികള്‍ക്കു നിര്‍ദേശിച്ചത് ആരെന്നറിയണം.

ഡിജിപി സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിലപാടെടുത്തു. നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ (എജി) അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണത്തെ കോടതി അനുകൂലിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.