1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2018

സ്വന്തം ലേഖകന്‍: പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും വിനയാകുന്നു; ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും നടവരവിലും കാര്യമായ കുറവെന്ന് റിപ്പോര്‍ട്ട്. അവധി ദിവസം പോലും തിരക്കു കുറവായിരുന്നു. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകള്‍ വിട്ടതിനാല്‍ പതിനെട്ടാംപടി കയറാന്‍ ഒരു സമയത്തും ക്യൂ ഉണ്ടായില്ല. നട തുറന്ന് ആദ്യ 4 ദിവസങ്ങളില്‍ ദര്‍ശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്.

കഴിഞ്ഞവര്‍ഷം ഇതേസമയം 2 ലക്ഷത്തിലേറെപ്പേര്‍ എത്തിയിരുന്നു. 4 ദിവസത്തെ ദേവസ്വം ബോര്‍ഡിന്റെ വരുമാനം 10 കോടി രൂപ തികഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം ഇതു 15.91 കോടിയായിരുന്നു. നടയടച്ച ശേഷം പമ്പയില്‍നിന്നു സന്നിധാനത്തേക്കു മലകയറുന്നതിനുള്ള നിയന്ത്രണം ഇന്നലെയും തുടര്‍ന്നു. മുംബൈ കല്യാണില്‍ നിന്നുള്ള 110 അംഗ തീര്‍ഥാടക സംഘം സമയ നിയന്ത്രണത്തിലുള്ള ആശങ്ക മൂലം ദര്‍ശനം നടത്താതെ മടങ്ങി.

കെഎസ്ആര്‍ടിസിയുടെ കണക്കു പ്രകാരംപത്തനംതിട്ട ഡിപ്പോയുടെ വരുമാനത്തില്‍ മാത്രം മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. കച്ചവടക്കാരുടെ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ട്. അതേസമയം, തിരക്കു വര്‍ധിച്ചതായാണു ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം.

അതിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും സന്നിധാനത്ത് നാമജപ പ്രതിഷേധം. ശരണം വിളിക്കുന്നവരുടെ പേരില്‍ പൊലീസ് കേസ് എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി നിരോധനാജ്ഞ ലംഘിച്ച് രണ്ടിടത്തു നാമ ജപ പ്രതിഷേധം തുടങ്ങിയത്. വി.മുരളീധരന്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഹരിവരാസനം പാടി നട അടച്ചതോടെ നാമജപം അവസാനിപ്പിച്ച് സംഘങ്ങള്‍ പിരിഞ്ഞുപോയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.