സ്വന്തം ലേഖകന്‍: ‘പമ്പയില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ല; മന്ത്രിയെ കൂടെയുള്ളവര്‍ വിളിച്ചു വരുത്തിയത്,’ വിശദീകരണവുമായി പോലീസ്; പ്രതിഷേധത്തിന്റെ ശക്തി കുറയുന്നു, സന്നിധാനം ശാന്തം; രാത്രിയാത്രാ നിരോധനം നീക്കി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പുലര്‍ച്ചെ ഒന്നരയ്ക്ക് പോലീസ് തടഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്ന പോലീസ് വിശദീകരണം.
മന്ത്രിയുടെ വാഹനമല്ല പോലീസ് തടഞ്ഞത്. വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനമാണ് പ്രക്ഷോഭകാരികള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് തടഞ്ഞത്. മൂന്ന് വാഹനങ്ങളാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ അവസാന വാഹനം വൈകിയാണ് എത്തിയത്. അതിനാലാണ് സംശയത്തെത്തുടര്‍ന്ന് ആ വാഹനം തടഞ്ഞത്.വാഹനം തടഞ്ഞപ്പോള്‍ അതിലുണ്ടായിരുന്നവര്‍ വിളിച്ചതനുസരിച്ച് കടന്നു പോയ മന്ത്രി തിരിച്ച് എത്തുകയായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.
ആദ്യ വാഹനത്തിലാണ് മന്ത്രി ഉണ്ടായിരുന്നതെന്നും ആ വാഹനത്തിന് പോലീസ് എസ്‌കോര്‍ട്ട് ഉണ്ടായിരുന്നുവെന്നും എസ്.പി അറിയിച്ചു. മന്ത്രിക്ക് മാപ്പ് എഴുതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും കോട്ടയം എസ്.പി ഹരിശങ്കര്‍ അറിയിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ് മന്ത്രിക്ക് രേഖാമൂലം നല്‍കിയതെന്നും മാപ്പുപേക്ഷ അല്ലെന്നും എസ്.പി അറിയിച്ചു.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പുലര്‍ച്ചെ പോലീസ് തടഞ്ഞു നിര്‍ത്തിയെന്നും അബദ്ധം മനസ്സിലാക്കി മാപ്പെഴുതിക്കൊടുത്തെന്നുമുള്ള വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് പോലീസ് വിശദീകരണം നല്‍കിയത്.
കോടതി വിധിയെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്ന ശബരിമല സന്നിധാനം ശാന്തമാവുന്നു. പോലീസിന്റെ കടുത്ത നിയന്ത്രണവും പ്രതിഷേധങ്ങള്‍ക്ക് തീവ്രതയും കുറഞ്ഞതോടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സമയം ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ പൊതുവേ തീര്‍ഥാടകര്‍ കുറവായത് വരുമാനത്തെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കി. ഹൈക്കോടതി നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. സന്നിധാനത്തെ തിരക്ക് കുറഞ്ഞതും തീരുമാനത്തിന് പിന്നിലുണ്ട്. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കി.
പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ചൊവ്വാഴ്ച വൈകീട്ടുവരെ നിയന്ത്രണങ്ങള്‍ തുടര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് നിയന്ത്രണങ്ങള്‍ നീക്കിയ വിവരം ഐ.ജി ഭക്തരെ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല