1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2018

സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ശരണം വിളിച്ച് പ്രതിഷേധക്കാര്‍; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി; സാവകാശം തേടി ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തി. എന്നാല്‍ രണ്ടര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഹര്‍ജിനല്‍കുന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.