സ്വന്തം ലേഖകന്‍: ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജും, ബിജെപിയും; നിയമസഭയിലും ബിജെപിക്കൊപ്പം നില്‍ക്കും. ശബരിമല പ്രശ്‌നത്തില്‍ നിയമസഭയില്‍ ബി.ജെ.പി. അംഗമായ ഒ. രാജഗോപാലും കേരളജനപക്ഷം നേതാവ് പി.സി. ജോര്‍ജും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷന്‍ പി.സി.ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു.
ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം. രണ്ടു പാര്‍ട്ടികളുടെയും പ്രത്യേകത നിലനിര്‍ത്തി പരസ്പരപൂരകമായി പ്രവര്‍ത്തിക്കുമെന്ന് പി.എസ്. ശ്രീധരന്‍പിള്ള വിശദീകരിച്ചു. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യിലേക്ക് കേരളജനപക്ഷം ചേരുന്നതടക്കമുള്ള കാര്യങ്ങളെപ്പറ്റി പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല