സ്വന്തം ലേഖകന്‍: മകരവിളക്കിന് ശബരിമലയില്‍ സമരം ശക്തമാക്കാന്‍ ബിജെപി; ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നില്‍ നിര്‍ത്തി പ്രതിരോധം; അയ്യപ്പനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ശബരിമലയില്‍ എത്താമെന്ന് മുഖ്യമന്ത്രി. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസ സമരം നടത്തും.
ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുതിര്‍ന്ന 1000 സ്ത്രീകളെ എല്ലാ ദിവസവും സന്നിധാനത്തെത്തിക്കും. ശബരിമലയില്‍ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയയ്ക്കാനാണ് നീക്കം. മണ്ഡലമകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും.
മുതിര്‍ന്നസ്ത്രീകള്‍ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കുമെന്നാണ് ബിജെപി പറയുന്നത്. പൊലീസുമായി സംഘര്‍ഷത്തിന് ഇവര്‍ മുതിരില്ല. നവംബര്‍ 16ന് വൈകീട്ട് അഞ്ചിനാണ് മണ്ഡലകാല തീര്‍ഥാടനത്തിന് ക്ഷേത്രം തുറക്കുന്നത്. ഡിസംബര്‍ 27ന് മണ്ഡലപൂജ കഴിഞ്ഞാല്‍ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20നാണ്. ഈ ദിവസങ്ങളില്‍ ഏതൊക്കെ പ്രദേശങ്ങളില്‍നിന്ന് സ്ത്രീകള്‍ എത്തണമെന്നത് ഉടന്‍ തീരുമാനിക്കും.
നട തുറന്നാല്‍ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. 24 മണിക്കൂറില്‍ക്കൂടുതല്‍ ആരെയും നിര്‍ത്തരുതെന്നാണ് പൊലീസിന്റെയും ശുപാര്‍ശ. ശബരിമലയും പരിസരവും അവിടേക്കുള്ള പാതകളും അതിസുരക്ഷാമേഖലയാക്കി പോലീസ് വലയത്തിലാക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടാകും.
ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടേത് ശക്തമായ നിരീക്ഷണമാനെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ശബരിമല ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ആരാധനാലയമല്ലെന്നും അയ്യപ്പനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ശബരിമലയില്‍ എത്താമെന്നും ഉറപ്പു നല്കി. ശബരിമലയെ ലക്ഷ്യം വെക്കുന്നത് നാടിനെ പിന്നോട്ടടിക്കാനാണ്. ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ആശങ്ക വേണ്ട. പൂര്‍ണ സുരക്ഷ ഒരുക്കും. ശബരിമലയിലെ വരുമാനം ദേവസ്വം ആവശ്യങ്ങള്‍ക്കാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല