സ്വന്തം ലേഖകന്‍: ശബരിമല; വിധി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി; പുരുഷനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്നാണ് എല്‍ഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി; സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 1407 ആയി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമതത്ത്വം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്.
ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കോടതി ഓര്‍മപ്പെടുത്തി. മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവുമാകുംവരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുമുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തള്ളി. വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിക്കാരനായ പി.ഡി. ജോസഫിനോട് കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് കോടതിയെ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന എല്‍ഡിഎഫ് രാഷ്ടിയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പുരുഷനുള്ള അവകാശം സ്ത്രീകള്‍ക്കുമുണ്ടെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 1407പേരെ പൊലീസ് അറസ്റ്റ് ചെയ്യ്തതായി റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയില്‍വെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചു. നാലു ദിവസത്തിനിടെ 170 പേരാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണ് അറസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല