സ്വന്തം ലേഖകന്‍: മണ്ഡലകാലത്ത് സുരക്ഷാ ജോലിക്കായി അയ്യായിരം പൊലീസുകാര്‍; സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍; ദര്‍ശനത്തിന് ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ശബരിമലയില്‍ മണ്ഡലമകര വിളക്ക് സീസണില്‍ സുരക്ഷാ ജോലിക്കായി അയ്യായിരം പൊലീസുകാരെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
അടിയന്തരഘട്ടങ്ങള്‍ നേരിടുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കും. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ പൊലീസിനെ നല്‍കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കും.
ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസുദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.
സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ അധിക സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കും. തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ച് തീര്‍ത്ഥാടനകാലത്ത് ക്രമസമാധാനനില ഉറപ്പു വരുത്തുന്നതിന് ശക്തമായ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തും.
തിരക്ക് നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം കൊണ്ടുവരും. ചെങ്ങന്നൂരിലും പത്തനംതിട്ടയിലും അധികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പൊലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം കെഎസ്ആര്‍ടിസി സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഇതിലൂടെ തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയാം.
അതിനിടെ സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് നിലനില്‍പ്പുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും അവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും തടയാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തെക്കുറിച്ചുള്ള നിലപാട് വിശദീകരിക്കാന്‍ എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ നടന്ന ‘മഹാസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
210 പേരുടെ ഫോട്ടോകളുമായി പൊലീസ് ലുക്കൗട്ട് നോട്ടിസ് (തിരച്ചില്‍ നോട്ടിസ്) പുറത്തിറക്കി. ആല്‍ബം രൂപത്തില്‍ തയാറാക്കിയിരിക്കുന്ന ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ചു. പ്രത്യേക സംഘത്തെ നിയോഗിച്ച് ഇവരെ പിടികൂടാനാണു തീരുമാനം. നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തിനു നേതൃത്വം നല്‍കിയവരെയും യുവതികളുമായി മല ചവിട്ടിയപ്പോള്‍ തടഞ്ഞവരെയും പിടികൂടാനാണ് ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല