1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2018

സ്വന്തം ലേഖകന്‍: ശബരിമല പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കും; ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാമെന്നും മുഖ്യമന്ത്രി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്റെ ഉന്നതത യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് യോഗം.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തും. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികളിലും സ്വീകരിക്കേണ്ട തീരുമാനങ്ങളും യോഗത്തിലുണ്ടാകും. അതേസമയം, ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സാധാരണനിലയ്ക്ക് വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അവകാശമുണ്ട്. ആ അവകാശം നിലനില്‍ക്കണം. അതിനുള്ള സംരക്ഷണം സര്‍ക്കാര്‍ നല്‍കും. ശാന്ത സ്വാഭാവമുള്ള ഒരന്തരീക്ഷമാണ് ശബരിമലയിലേത്. അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. ശബരിമല എല്ലാ പവിത്രതയോടും കൂടി നിലനില്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.
മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടും വിട്ടുവീഴ്ചയ്ക്കില്ലെന്നും പിണറായി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ പ്രായം പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും പിണറായി പറഞ്ഞു. തന്ത്രിയുടെ സ്വത്തല്ല ശബരിമല. താഴമണ്‍ കുടുംബത്തിനും അവകാശപ്പെട്ടതല്ല. ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാം. അതു മനസിലാക്കിയാല്‍ തന്ത്രിക്ക് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ നിയമപരമായ ഏക അവകാശി ദേവസ്വം ബോര്‍ഡാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തെറ്റിദ്ധരിപ്പിക്കപ്പെട്ട ചിലരുടെ കോപ്രായങ്ങള്‍ക്ക് നിന്നു കൊടുത്താല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന് ബോര്‍ഡിനും മുന്നറിയിപ്പ് നല്‍കി. ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ അജന്‍ഡയാണ് ഇപ്പോള്‍ കണ്ടതെന്നും ശബരിമലയെ അക്രമികളുടെ താവളമാക്കാമെന്ന് ഒരു ശക്തിയും വ്യാമോഹിക്കേണ്ടെന്നും ക്രിമിനലുകളെ അവിടെ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശം നല്‍കുന്നതാണ് സുപ്രീംകോടതി വിധി. പോകുന്ന വിശ്വാസികളെ തടയാമെന്ന് ആരും കരുതേണ്ട. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലും വൈകിട്ട് പത്തനംതിട്ടയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിലും ഗവണ്‍മെന്റിന്റെ നിലപാട് തറപ്പിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി തന്ത്രിക്കും കൊട്ടാരത്തിനും എതിരെ ചരിത്രത്തിന്റെ മൂര്‍ച്ചയുള്ള പാഠങ്ങള്‍ നിരത്തി അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാരമാണെന്ന് തന്ത്രിമാര്‍ ധരിച്ചേക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഉത്തരേന്ത്യയില്‍ പൂജാരിമാര്‍ ബ്രഹ്മചാരികളാണ്. കല്യാണം പാടില്ല. ഇവിടുത്തെ തന്ത്രിമാര്‍ ഗൃഹസ്ഥാശ്രമവും കടന്ന് വ്യഭിചാരത്തിലേക്ക് പോയതാണ് എറണാകുളത്തുണ്ടായത്. ഇതൊന്നും മറക്കരുത്. നട അടയ്ക്കലും തുറക്കലും തന്ത്രിമാരുടെ അവകാശമല്ല. അത് തീരുമാനിക്കുന്നത് ബോര്‍ഡാണ്. ബോര്‍ഡ് ജീവനക്കാര്‍ക്കൊപ്പമാണ് തന്ത്രി. രാജാക്കന്‍മാര്‍ തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ പാണ്ഡ്യരാജവംശം ആന്ധ്രയില്‍ നിന്ന് കടന്നുവന്നു.

അവര്‍ക്കൊപ്പം കുറെ ബ്രാഹ്മണരുമുണ്ടായിരുന്നു. അവരില്‍പ്പെട്ടതാണ് താഴമണ്‍ കുടുംബം. അവര്‍ വിചാരിച്ചാല്‍ അമ്പലം അടഞ്ഞുപോകുമെന്ന് ധരിക്കരുത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അധഃസ്ഥിതരെയും പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ക്ഷേത്രം അടച്ചിട്ടവരാണ് പൂജാരിമാര്‍. വലിയ പ്രക്ഷോഭത്തിലൂടെയാണ് തുറന്നത്. ഇപ്പോള്‍ അവിടെ ഒരു പ്രശ്‌നവുമില്ല. മലബാറിലെ ലോകനാര്‍കാവ് ക്ഷേത്രം പട്ടികജാതിക്കാര്‍ക്കും തുറന്നു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്ത്രി ക്ഷേത്രം പൂട്ടിപ്പോയി. പക്ഷേ, ക്ഷേത്രം തുറന്നു. ആ തന്ത്രി എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല.

പന്തളം രാജകുടുംബം ഒരു ഘട്ടത്തിലുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു ശബരിമല എന്നത് വസ്തുതയാണ്. കടംകയറിയ രാജവംശം 1821ല്‍ അടുത്തൂണ്‍ പറ്റി. രാജവംശം തിരുവിതാംകൂറിന്റെ ഭാഗവുമായി. ശബരിമലയിലെ നടവരവ് തിരുവിതാംകൂറിന് അവകാശപ്പെട്ടതായി. അമ്ബലങ്ങള്‍ നടത്താനാണ് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചത്. അതു മനസിലാക്കിയാല്‍ പന്തളം രാജകുടുംബത്തിനും കൊള്ളാം.

ചിലരുടെ കോപ്രായങ്ങള്‍ക്ക് നിന്നു കൊടുത്താല്‍ ദേവസ്വം ബാേര്‍ഡ് ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്ന്, ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പിണറായി പറഞ്ഞു. ഏതെങ്കിലും ഒരു റിപ്പോര്‍ട്ടുമായി ബോര്‍ഡ് സുപ്രീംകോടതിയിലേക്ക് പോയാല്‍ എന്താകുമെന്ന് പറയേണ്ടതില്ല. എടുത്തുചാടി വടികൊടുത്ത് അടി വാങ്ങരുത്. അവലോകന യോഗത്തിന് എത്തിയ ജീവനക്കാരികളുടെ പ്രായം പരിശോധിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിന് തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നേരത്തേ ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് എത്രയാളുകള്‍ക്കും വന്ന് പോകാം. ഏറെ സമയം അവിടെ നില്‍ക്കാനാവില്ല. വന്നവര്‍ സമയം കഴിഞ്ഞാലുടന്‍ ഒഴിഞ്ഞുപോകണം. ഇതിന് ഭക്തര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.