സ്വന്തം ലേഖകന്‍: പ്രതിഷേധക്കാര്‍ സ്ത്രീകളെ അണിനിരത്താന്‍ സാധ്യത; സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിച്ചേക്കും; ശബരിമലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി പോലീസ്. ചിത്തിര ആട്ടവിശേഷത്തിന് നാളെ നട തുറക്കാനിരിക്കേ ശബരിമലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുമ്പാണ് മാധ്യമങ്ങളെ തടഞ്ഞത്. നിലയ്ക്കല്‍ ബേസ് ക്യാമ്പുവരെ മാധ്യമങ്ങള്‍ക്ക് പ്രവേശനെ ഉണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷാ വിന്യാസം പൂര്‍ണമാകാത്തതിനാലാണെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. പൊലീസ് വിവിധയിടങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ഞായറാഴ്ച വൈകുന്നേരമേ പൂര്‍ത്തിയാകൂ. ഇതാണ് തിങ്കളാഴ്ച രാവിലെ മാത്രം എല്ലാവരെയും കടത്തിവിടാനുള്ള തീരുമാനത്തിനു പിന്നിലെന്ന് എം.വി. ജയരാജന്‍ പറഞ്ഞു.
അതേസമയം, സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപിആര്‍എസ്എസ് ശ്രമമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കും. പ്രതിഷേധവുമായി സന്നിധാനത്തെത്തുന്ന സ്ത്രീകളെ തടയാനാണിത്. അമ്പത് കഴിഞ്ഞ മുപ്പത് പേരെയാണ് നിയോഗിക്കുക. എസ്‌ഐ, സിഐ റാങ്കിലുള്ള വനിതാ പൊലീസുകാരെ നിയോഗിക്കും.
ശനിയാഴ്ച രാവിലെ നിലയ്ക്കല്‍ ഇടത്താവളത്തിലെത്തി സുരക്ഷാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യവേ മാധ്യമപ്രവര്‍ത്തകരോട് ഇവിടെനിന്ന് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ചുമതലക്കാരോട് ചോദിച്ചപ്പോള്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശിച്ച പ്രകാരമാണെന്ന് അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ നിലയ്ക്കലിന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനത്തില്‍വരെയേ വരാവൂ എന്നും അറിയിച്ചു. ഈ പ്രദേശം മൊബൈല്‍ റേഞ്ചുപോലും കിട്ടുന്ന ഇടമല്ല. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കു മാത്രമേ ഇവിടെനിന്ന് മുന്നോട്ടുപോകാന്‍ അനുവദിക്കൂ എന്നാണ് പൊലീസ് അറിയിച്ചത്.
കണമല, ഇലവുങ്കല്‍, വടശേരിക്കര എന്നിവിടങ്ങളിലാണ് നിലയ്ക്കലിന് താഴെ കനത്ത പൊലീസ് കാവലുള്ളത്. വാഹനങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കടത്തിവിടുന്നത്. ശബരിമല സന്നിധാനത്ത് അതിഥി മന്ദിരം, ഡോണര്‍ ഹൗസ് എന്നിവ അനുവദിക്കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് കണ്ട് വേണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സന്നിധാനത്ത് പ്രതിഷേധത്തിനായി താമസിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമാണിതെന്നാണ് പൊലീസ് പറഞ്ഞത്. 1200 പൊലീസുകാരെയാണ് വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല