1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: ചിത്തിര ആട്ട ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നു; സന്നിധാനം കനത്ത സുരക്ഷാ വലയത്തില്‍; 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാര്‍ സുരക്ഷാ ജോലികള്‍ക്ക്. 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരെ സന്നിധാനത്തെത്തിച്ചു. 

സ്ത്രീകള്‍ കൂടുതല്‍ എത്തിയാല്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ക്രമീകരണം. ശബരിമലയ്ക്ക് 20 കിലോമീറ്റര്‍ അകലെ മുതല്‍ തന്നെ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്. ഇന്നും നാളെയും മുന്‍പ് എങ്ങുമില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്.

തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് വ്യക്തമാക്കി. തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും.

ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവിലുണ്ട്. നിലക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് നാളെ അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.