1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2018

സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കിയത് വിസമ്മതം വകവെക്കാതെയെന്ന് ആരോപണം. പൊലീസ് നിര്‍ബന്ധിച്ച് മല ഇറക്കിയെന്ന് ബിന്ദു; യുവതികളെ തിരിച്ചിറക്കിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നെന്ന് വിശദീകരണം; യുവതികളെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്. പമ്പ: പ്രതിഷേധം മറികടന്ന് യുവതികളെ ശബരിമല സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങി. ബോധരഹിതയായ കനകദുര്‍ഗയെ പൊലീസുകാര്‍ എടുത്താണ് അപ്പാച്ചിമേട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

പ്രഥമശുശ്രൂഷയ്ക്കു ശേഷം ഇവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയിലെത്തിച്ചു. തിരികെ പോകില്ലെന്നും തന്നെ നിര്‍ബന്ധിച്ചു താഴെയിറക്കുകയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു. ഇക്കാര്യം ആരോപിച്ച് ഇവര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. തുടര്‍ന്ന് ബലപ്രയോഗിച്ചാണു ഇവരെ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം യുവതികളെ തടഞ്ഞ സംഭവത്തില്‍ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. നടപ്പന്തലിന് മുകളില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ബിന്ദു, കനകദുര്‍ഗ എന്നിങ്ങനെ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.

പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. ഇവരോടൊപ്പം മലകയറ്റം തുടങ്ങിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ല. അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോഴാണ് ആദ്യം പ്രതിഷേധമുണ്ടായത്. പൊലീസ് സംഘം പമ്പയില്‍ നിന്നെത്തി പ്രതിഷേധക്കാരെ വകഞ്ഞ് മാറ്റി യുവതികളെ കവചമൊരുക്കി മുന്നോട്ട് കൊണ്ട് പോയി.

പിന്നീട് ഒറ്റപ്പെട്ടതും കൂട്ടവുമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. ശരംകുത്തി ഭാഗത്തും പ്രതിഷേധമുണ്ടായപ്പോഴും പൊലീസ് കൃത്യമായി ഇടപ്പെട്ടു. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് പോയ സംഘത്തിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഉണ്ടായത്. പൊലീസ് ഇടപ്പെട്ടെങ്കിലും യുവതികളും പ്രതിഷേധക്കാരും പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം ബിന്ദുവിനെയും കനകദുര്‍ഗയെയും കാനനപാതയുടെ അരികിലിരുത്തി സുരക്ഷയൊരുക്കി.

ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും യുവതികളുമായി മുന്നോട്ട് പോകാന്‍ കഴിയാതായതോടെ യുവതികളെ തിരിച്ചിറക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തിരിച്ചു പോകില്ലെന്ന നിലപാടിലായിരുന്ന ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. അതിനിടെ കനകദുര്‍ഗ ബോധരഹിതയായി. അതോടെ പൊലീസ് ഇരുവരെയും ബലംപ്രയോഗിച്ച് തിരിച്ചിറക്കി. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് പോലീസ് യുവതികളെ തിരിച്ചിറക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.