1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2018

സ്വന്തം ലേഖകന്‍: ശബരിമല വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി; വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും വിശദീകരണം; മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും ഇതേക്കുറിച്ചെഴുതിയ ലേഖനത്തില്‍ പിണറായി അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിനൊപ്പം നില്‍ക്കുന്നതും ജാതീയ അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നതും വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും പിണറായി വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പും സമുദായ സംഘടനകളുമായി ചേര്‍ന്നു സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വിമര്‍ശനങ്ങളുമായെത്തുന്നതു നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവരാണ്. ശബരിമല വിധിയാണു വനിതാമതില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത്. വിധിക്കു പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇവരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാമതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റു യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം സര്‍ക്കാര്‍ നടത്തിയിരുന്നില്ല. വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താനാണെന്നും ശബരിമലയില്‍ യുവതികള്‍ കയറരുതെന്നാണ് നിലപാടെന്നുമായിരുന്നു പ്രധാന സംഘാടകരിലൊരാളായ എസ്എന്‍ഡിപി വ്യക്തമാക്കിയത്. ഇതിനിടെയാണ് ശബരിമല വിധിയും വനിതാമതിലും ബന്ധമുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. വനിതാ മതിലിന്റെ കാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ സമുദായ സംഘടനകളെ കൂട്ടുപിടിക്കുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

അതിനിടെ മകരവിളക്കു തീര്‍ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട കഴിഞ്ഞ ദിവസം തുറന്നു. വൈകിട്ട് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണു നട തുറന്നത്. പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. നട തുറക്കുമ്പോള്‍ തന്നെ ദര്‍ശനം നടത്താനായി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ എരുമേലിയില്‍ പേട്ട കെട്ടി കാനനപാതയിലൂടെ സന്നിധാനത്തേക്കു എത്തിയിരുന്നു. വന്‍ തിരക്കനുഭവപ്പെട്ടതിനാല്‍ പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞ് പതിയെയാണ് കയറ്റിവിട്ടത്. അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ അഞ്ചു വരെ നീട്ടിയിരുന്നു.

മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 12നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. 13നു പമ്പ വിളക്കും പമ്പാസദ്യയും നടക്കും. 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും തുടര്‍ന്നു മകരജ്യോതി ദര്‍ശനവും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.