
സ്വന്തം ലേഖകൻ: ലോകത്ത് ‘ഏറ്റവും സുരക്ഷിത നഗരം’ എന്ന വിശേഷണം ഇനി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗന് സ്വന്തമാണ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയ പഠനമനുസരിച്ചാണ് കോപൻഹേഗനെ സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്. 60 നഗരങ്ങളിൽ പഠനം നടത്തി.
ഡിജിറ്റൽ, ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ, വ്യക്തിഗത, പാരിസ്ഥിതിക സുരക്ഷ തുടങ്ങി 76 ഓളം സൂചകങ്ങൾ കണക്കിലെടുത്താണ് സുരക്ഷിത ഇടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നു ന്യൂഡൽഹിയും മുംബൈയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 48-ാം സ്ഥാനത്ത് ഡൽഹിയും 50–ാം സ്ഥാനത്ത് മുംബൈയും എത്തി.
100ൽ 82.4 പോയിന്റുമായിട്ടാണ് ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ ടോക്കിയോയെയും സിംഗപ്പൂരിനെയും പിന്തള്ളി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറിയത്. കനേഡിയൻ നഗരമായ ടൊറന്റോയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 82.2 പോയിന്റാണ് ടൊറന്റോയ്ക്ക് ലഭിച്ചത്. വൈവിധ്യമുള്ള കാഴ്ചകളാണ് ഇൗ നാടിന്റെ ആകർഷണം.
കൊറോണയുടെ പിടിയിലമർന്ന സിംഗപ്പൂർ നഗരം രണ്ടാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് സുരക്ഷയുടെ കാര്യത്തിൽ ഇത്തവണ പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഏറ്റവും സുരക്ഷിതമായ നഗരമായ സിഡ്നി, 80.1 പോയിന്റുമായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ നാലാം സ്ഥാനത്തെത്തി. സുരക്ഷയുടെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ജപ്പാന്റെ തലസ്ഥാനവും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മഹാനഗരവുമായ ടോക്കിയോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല