1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അവരുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തുനിന്നിരുന്നു. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാന്‍ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ.

മറ്റു പല പ്രവിശ്യകളും വലിയ എതിര്‍പ്പ് കൂടാതെ താലിബാനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ സലീമയുടെ നേതൃത്വത്തില്‍ ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ശക്തമായ ഏറ്റുമുട്ടല്‍ നടത്തി. അവസാനഘട്ടം വരെ താലിബാനു കീഴടങ്ങാതെനിന്ന സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഏകമേഖലയായിരുന്നു ചഹര്‍ കിന്റ്. രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് സലീമ.

കഴിഞ്ഞ വര്‍ഷം സലീമയുടെ ഇടപെടലിനെ തുടര്‍ന്ന് 100 താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനില്‍നിന്ന് ഇറാനിലേക്കു കടന്ന കുടുംബത്തിലെ അംഗമാണ് സലീമ. ഇറാനില്‍ ജനിച്ച അവര്‍ ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. തുടര്‍ന്ന് അവിടുത്തെ സര്‍വകലാശാലകളില്‍ ജോലി ചെയ്തിരുന്നു.

എന്നാല്‍ അഫ്ഗാനോട് ഉള്ളിലുണ്ടായിരുന്ന അടങ്ങാത്ത സ്‌നേഹം അവരെ വീണ്ടും നാട്ടില്‍ തിരികെയെത്തിച്ചു. 2018ല്‍ ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. വനിതയെന്ന നിലയില്‍ വിവേചനം നേരിടേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നതെന്നും എന്നാല്‍ ജനങ്ങള്‍ അദ്ഭുതപ്പെടുത്തിയെന്നും സലീമ പറഞ്ഞു.

യാഥാസ്ഥിതിക നിയമങ്ങള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുക എന്നതായിരുന്നു സലീമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രാദേശിക അക്രമ ഗ്രൂപ്പുകളില്‍നിന്ന് ജില്ലയിലെ ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യവും സലീമ ഏറ്റെടുത്തു. 2019ല്‍ നാട്ടിലെ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി സുരക്ഷാ കമ്മിഷന്‍ രൂപീകരിച്ചു. ഗ്രാമീണരെയും ആട്ടിടയന്മാരെയും തൊഴിലാളികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രാദേശിക സംഘങ്ങളെ ശക്തമായി ചെറുക്കാന്‍ സലീമയുടെ നേതൃത്വത്തില്‍ കഴിഞ്ഞു. നിരവധി തവണ സലീമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കു മുൻപ് മസാരെ ഷെരീഫ് വീണപ്പോഴും ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് സലീമ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സ്ത്രീകള്‍ തടവുകാരായിരിക്കുമെന്നും പുറത്തിറങ്ങാന്‍ പോലും കഴിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.