1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2018

സ്വന്തം ലേഖകന്‍: ‘എന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രം അണിഞ്ഞെത്തിയത്,’ കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടിവി വാര്‍ത്ത പൊളിച്ചടുക്കി സലീംകുമാര്‍. വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ താന്‍ ഉദ്ഘാടകനായി എത്തിയ പരിപാടിയെ അല്‍ ഖാഇദ അനുകൂല റാലിയാക്കി വാര്‍ത്ത നല്‍കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെയാണ് വിമര്‍ശനവുമായി നടന്‍ സലീംകുമാര് രംഗത്തെത്തിയത്.

വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ച വാര്‍ത്ത തെറ്റ് തന്നെയാണെന്നും റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുന്ന നടപടി തെറ്റാണെന്നും സലീംകുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ‘കുട്ടികള്‍ കറുപ്പ് വസ്ത്രമണിഞ്ഞത് ഒരു വെല്‍ക്കം തീം മാതൃകയില്‍ ചെയ്തതാണത്. എന്നെ സ്വീകരിക്കാനായാണ് കുട്ടികളെല്ലാവരും കറുത്ത വസ്ത്രം ധരിച്ചെത്തിയത്. ഏകദേശം ഇരുന്നൂറോ മുന്നൂറോ മീറ്റര്‍ അകലെ നിന്ന് തുടങ്ങിയിട്ട് കോളേജിന്റെ സ്‌റ്റേജ് വരെയാണ് നിന്നത്.

ആണുങ്ങളും പെണ്ണുങ്ങളും എല്ലാവരും ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ഇട്ടു വരണമെന്ന് കുട്ടികള്‍ എന്നോട് രണ്ട് ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ഞാനും ബ്ലാക്ക് ഷര്‍ട്ട് ഇട്ട് പോവുകയായിരുന്നു. കോളേജിലെ ഒരു ആഘോഷം മാത്രമാണിത്. അതിലുപരിയായി അതിനകത്ത് വേറൊന്നുമില്ല. വിദ്യാര്‍ത്ഥികളുടെ അവരുടെ കോളേജ് ഡേ പ്രത്യേക തീമൊക്കെ വെച്ചിട്ട് ആഘോഷിക്കുമ്പോള്‍ അവരെ ഐ.എസ് തീവ്രവാദികളാക്കുന്നത് തെറ്റ് തന്നെയാണ്,’ സലിംകുമാര്‍ പറഞ്ഞു.

‘കേരളത്തില്‍ ഐഎസ്അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം,’ എന്ന തലക്കെട്ടോടെയാണ് ജനം ടിവി വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ ജനം ടിവിയുടെ വാര്‍ത്ത തെറ്റാണെന്നും വിദ്യാര്‍ത്ഥികളുടെ റാലിയ്ക്ക് ജനം തീവ്രവാദ സ്വഭാവം നല്‍കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.