1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2018

സ്വന്തം ലേഖകന്‍: സാലിസ്ബറിയില്‍ ദമ്പതികള്‍ക്കുനേരെ നടന്നത് രാസായുധ പ്രയോഗം തന്നെ; റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍. തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വില്‍ഷെയ്‌റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ദമ്പതികള്‍ക്കു മാരക വിഷബാധയേറ്റതായി ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിച്ചു. ചാര്‍ലി റോവ്‌ലി (45), ഡോണ്‍ സ്റ്റര്‍ജസ് (44) എന്നിവരെയാണ് ശനിയാഴ്ച ആംസ്ബുറിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ അബോധാവസ്ഥയില്‍ തുടരുകയാണ്.

സംഭവത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി സാജിദ് ജാവീദിന്റെ അധ്യക്ഷതയില്‍ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചുചേര്‍ത്തു. ബ്രിട്ടീഷ് ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങി. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും രാസായുധാക്രമണത്തിനിരയായ സാലിസ്ബറിയില്‍നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ് ആംസ്ബുറി. സ്‌ക്രിപാലിനുനേരെ ഉപയോഗിച്ച നെര്‍വ് ഏജന്റായ നൊവിചോക് തന്നെയാണ് ദമ്പതികള്‍ക്കുനേരെ പ്രയോഗിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

മിലിട്ടറി റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയില്‍ നൊവിചോക്കിന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. ഇരുവര്‍ക്കും എങ്ങനെ രാസായുധാക്രമണമേറ്റു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നെര്‍വ് ഏജന്റിന്റെ സാന്നിധ്യം മേഖലയില്‍ ഉണ്ടോയെന്നു പരിശോധിക്കുകയാണ്. തദ്ദേശ പൊലീസിനെ കൂടാതെ 100 ഭീകരവിരുദ്ധ സേനാംഗങ്ങളെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ദമ്പതികള്‍ കാലപ്പഴക്കം ചെന്ന കൊക്കെയ്‌നോ ഹെറോയിനോ അമിതമായി ഉപയോഗിച്ചതാകാം അബോധാവസ്ഥയിലാകാന്‍ കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന ബന്ധു സാഹചര്യം വിശദീകരിച്ചതോടെ പൊലീസ് കൂടുതല്‍ പരിശോധനക്കു തയാറാവുകയായിരുന്നു. തന്റെ കണ്‍മുന്നിലാണ് ഡോണ്‍ കുഴഞ്ഞുവീണതെന്നും അപസ്മാരം ബാധിച്ചപോലെ പിടയാന്‍ തുടങ്ങിയെന്നും വായില്‍നിന്ന് നുരയും പതയും വന്നതായും ബന്ധു വെളിപ്പെടുത്തി. തുടര്‍ന്ന് അല്‍പസമയത്തിനകം ചാര്‍ലിയും കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവത്തിനു പിന്നാലെ ബ്രിട്ടീഷ് പൊലീസ് ആംസ്ബുറിയിലെ അഞ്ചിടത്ത് ജനത്തിനു വിലക്കേര്‍പ്പെടുത്തി. വഴിയില്‍ കിടക്കുന്നതോ വീടിനു മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലോ എന്തു കണ്ടാലും തൊടരുതെന്ന് തദ്ദേശവാസികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണു സ്‌ക്രിപാലിനും മകള്‍ക്കും നേരെ രാസായുധ ആക്രമണം ഉണ്ടായത്. നീണ്ട ചികിത്സക്കുശേഷവും സ്‌ക്രിപാല്‍ അപകടനില തരണംചെയ്തിട്ടില്ല. മകള്‍ ആശുപത്രി വിട്ടിരുന്നു.

റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബ്രിട്ടന്റെ ആരോപിണം. രാജ്യത്തെ നടുക്കി വീണ്ടും രാസായുധാക്രമണം നടന്ന സാഹചര്യത്തില്‍ റഷ്യ നിര്‍ബന്ധമായും വിശദീകരണം നല്‍കണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവീദ് പറഞ്ഞു. മനഃപൂര്‍വമായാലും അബദ്ധത്തിലായാലും ബ്രിട്ടീഷ് ജനതയെ ഇത്തരത്തില്‍ ലക്ഷ്യംവെക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് വിശദീകരണം നല്‍കേണ്ടത് റഷ്യന്‍ സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.