1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2022

സ്വന്തം ലേഖകൻ: നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്‍റിലേറ്ററിൽ നിന്നും മാറ്റി. റുഷ്ദി ഡോക്ടർമാരോട് സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോർക്കിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് റുഷ്ദിയെ ഹാദി മാത്തര്‍ എന്ന യുവാവ് പല തവണ കുത്തിയത്. കരളിനെയും കയ്യിലെയും കണ്ണിലെയും ഞരമ്പുകളെയുമാണ് ആക്രമണം ഏറ്റവുമധികം ബാധിച്ചത്.

ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ വെച്ച് കുറ്റം നിഷേധിച്ചെങ്കിലും ഹാദി മാതറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമിയുടെ പശ്ചാത്തലത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാനെത്തിയ വേദിയില്‍ വച്ചാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. ഹാദി മാതർ ഇറാനിലെ ഒരു പാർട്ടിയോട് അനുഭാവം പുലർത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടെത്തിയെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ആർക്കും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ കഴിയാത്ത വ്യക്തിയാണ് റുഷ്ദിയെന്നും അമേരിക്കക്കാർക്കും ലോകത്തിനും ഒപ്പം അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെടാനായി പ്രാർഥിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.