1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2015

സ്വന്തം ലേഖകന്‍: വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു. രാജ്യത്തെ ഉയര്‍ന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം രാഷ്ട്രപതി ഭവനില്‍ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സാനിയക്ക് സമ്മാനിച്ചത്. സാനിയയ്‌ക്കൊപ്പം അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മലയാളികളായ അര്‍ജുന അവാര്‍ഡ് ജേതാവ് പി.ആര്‍. ശ്രീജേഷും വോളിബോള്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ ടിപിപി നായരും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാളുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

സാനിയയ്ക്ക് മെഡലും, സര്‍ട്ടിഫിക്കറ്റും, 7.5 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് ശില്‍പവും സര്‍ട്ടിഫിക്കറ്റും 5 ലക്ഷം രൂപയും ലഭിക്കും. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖേല്‍രത്‌ന പുരസ്‌കാരം വിതരണം ചെയ്യുന്നത്. സാധാരണയായി വ്യത്യസ്ത കായിക വിഭാഗങ്ങളില്‍ കഴിവുതെളിയിക്കുന്ന 15 താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് നല്‍കുന്നതെങ്കിലും ഇത്തവണ 17 പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

നേരത്തെ, സാനിയ മിര്‍സയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാനുള്ള തീരുമാനം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാനിയയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള ശുപാര്‍ശയ്‌ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എന്‍. ഗിരിഷ സര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നായിരുന്നു സ്റ്റേ. തുടര്‍ന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.