
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ 33 കാരി സാറാ എവറാർഡിൻ്റേത് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കെന്റിലെ ആഷ്ഫോർഡിലെ വനഭൂമിയിൽ പോലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മാർച്ച് 3 ബുധനാഴ്ച തെക്കൻ ലണ്ടനിലെ ക്ലാഫാമിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ബ്രിക്‌സ്റ്റണിലുള്ള വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് സാറയെ കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടു പോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഒരു മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. സാറാ എവറാർഡിന്റെ തിരോധാനത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സ്ത്രീകളുടെ പ്രതിഷധവും ശക്തമാകുകയാണ്.
ആരും അപകടപ്പെടുത്താതെ സുരക്ഷിതരായി ജീവിക്കാൻ ഓരോ ദിവസവും നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടിയാണ് വിവിധ രംഗങ്ങളിലെ വനിതകൾ രംഗത്തെത്തുന്നത്. തെരുവുകളിൽ ഭീഷണി നേരിടുന്നവർക്കായി സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധക്കാർ നിർദേശിക്കുന്നു.
ആരെങ്കിലും തങ്ങളെ പിന്തുടരുന്നുവെന്ന് തോന്നുമ്പോൾ ബദൽ റൂട്ടുകളിലൂടെ വീട്ടിലേക്ക് പോകാനും പരസ്‌പരം ട്രാക്കു ചെയ്യാൻ തങ്ങളുടെ ലൊക്കേഷൻ സുഹൃത്തുക്കളുമായി പതിവായി പങ്കിടാ റുണ്ടെന്നും ചിലർ പറഞ്ഞു.
മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിഡ ഡിക്ക് ബുധനാഴ്ചത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ധൈര്യമായിരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. “നമ്മുടെ തെരുവുകളിൽ നിന്ന് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്നത് അവിശ്വസനീയവും അപൂർവമാണ്,“ ക്രെസിഡ ഡിക്ക് പറഞ്ഞു.
“സാറാ എവറാർഡ് അന്വേഷണത്തിലെ സംഭവവികാസങ്ങളിൽ ഞാൻ ഞെട്ടിപ്പോയി. ഞാനും രാജ്യം മുഴുവനെന്ന പോലെ അവളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചേർന്ന് ദുഃഖം പങ്കിടുന്നു,“ എന്നാണ് സംഭവത്തെക്കു റിച്ച് ബോറിസ് ജോൺസൻ ട്വീറ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല