സ്വന്തം ലേഖകന്‍: നേതാജിയുടെ സഹോദരന്‍ ശരത് ചന്ദ്രബോസ് ബ്രിട്ടനെതിരെ സായുധ കലാപത്തിനു നീക്കം നടത്തിയതായി രഹസ്യരേഖകള്‍. 1941 ലാണ് ശരത് ചന്ദ്രബോസ് ബ്രിട്ടിഷുകാര്‍ക്കെതിരെ സായുധ കലാപത്തിനു പദ്ധതിയിട്ട് ജപ്പാന്റെ സഹായം തേടിയത്. ജപ്പന്റെ സഹായത്തോടെ അരലക്ഷം പേരുള്ള സൈന്യം രൂപീകരിക്കാനാണു ശരത് ശ്രമിച്ചതെന്ന് യെന്നും ബംഗാള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയ നേതാജി ഫയലുകളില്‍ പറയുന്നു.
ശരത് കൊല്‍ക്കത്തയിലെ ജപ്പാന്‍ കോണ്‍സുലേറ്റ് മേധാവിയായിരുന്ന ഓഹ്ത എന്നൊരാളുമായി നടത്തിയ കത്തുകളിലൊന്നിലാണ് ഈ വിവരമുള്ളത്. ജപ്പാനു രഹസ്യവിവരം കൈമാറാനുള്ള സംഘടന രൂപീകരിക്കാനുള്ള സന്നദ്ധതയും ശരത്ചന്ദ്ര ബോസ് ഓഹ്തയോടു വ്യക്തമാക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധം നടക്കുകയായിരുന്ന അക്കാലത്ത് ബ്രിട്ടിഷ് നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്കെതിരെ ജര്‍മനിയുടെ കൂടെ അച്ചുതണ്ടു ശക്തികള്‍ക്കൊപ്പമായിരുന്നു ജപ്പാന്‍ നിലയുറപ്പിച്ചിരുന്നത്.
”യുദ്ധഭൂമിയിലേക്കു കുതിക്കാന്‍ ഇപ്പോള്‍ത്തന്നെ പതിനായിരംപേര്‍ തയാറായി നില്‍പ്പുണ്ട്. ആവശ്യത്തിനു പണവും ആയുധങ്ങളും ലഭിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അരലക്ഷംപേരെ അണിനിരത്താം.
ആയുധങ്ങള്‍ എന്നത്തേക്കു കിട്ടുമെന്നും പണം എത്തിച്ചു തരാനാകുമോയെന്നും എന്നെ അറിയിക്കുമല്ലോ. വളരെ പ്രധാനപ്പെട്ടതാണ്. ഒട്ടും സമയം കളയാനില്ല.” 1941 സെപ്റ്റംബര്‍ 18നു ശരത്ചന്ദ്ര ബോസ് ജപ്പാന്‍ കോണ്‍സുലേറ്റ് മേധാവിക്കെഴുതിയ കത്തില്‍ പറയുന്നു.
‘എസ്’ എന്നയാള്‍ക്കുകൂടി സന്ദേശം അയയ്ക്കണമെന്നും ശരത്ചന്ദ്ര ബോസ് ആവശ്യപ്പെടുന്നുണ്ട്. ഈ ‘എസ്’ നേതാജി സുഭാഷ് ചന്ദ്രബോസ് ആകാമെന്നാണ് നിഗമനം. ബ്രിട്ടിഷുകാരുടെ വീട്ടുതടങ്കലില്‍നിന്നു നേതാജി രക്ഷപ്പെട്ടതിന് എട്ടു മാസങ്ങള്‍ക്കുശേഷമാണു സഹോദരന്‍ ഈ കത്തെഴുതിയത്. ശരത്ചന്ദ്ര ബോസിനുമേലുള്ള നീരീക്ഷണം 1950 ല്‍ അദ്ദേഹത്തിന്റെ മരണംവരെ തുടര്‍ന്നെന്നും ഫയലുകളില്‍ സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല