1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികലയുടെ വരവില്‍ എതിര്‍പ്പ് ശക്തമാകുന്നു, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. സത്യപ്രതിജ്ഞ ചെയ്യാനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത് അനധികൃത സ്വത്ത് സമ്പാദ്യക്കേസിലെ കോടതി നടപടികളാണ്. കോടതി വിധി പുറപ്പെടുവിക്കുന്നതുവരെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി.

ചെന്നൈ സ്വദേശിയും സര്‍ക്കാരിതര സംഘടനയായ സട്ട പഞ്ചായത്ത് ഇയക്കം ജനറല്‍ സെക്രട്ടറിയുമായ സെന്തില്‍ കുമാറാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. 19 വര്‍ഷം നീണ്ട അനധികൃത സ്വത്തു സമ്പാദനക്കേസ് സംബന്ധിച്ച ഹര്‍ജിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിധി പ്രസ്താവിക്കുമെന്ന സുപ്രീം കോടതി ഉത്തരവു പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സെന്തില്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ജയലളിതയുടെ പിന്‍ഗാമിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യാന്‍ ശശികലയെ അനുവദിക്കരുതെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം. കേസില്‍ കുറ്റക്കാരിയാണെന്നു തെളിയുന്ന പക്ഷം ശശികലയ്ക്ക് രാജിവയ്‌ക്കേണ്ടിവരുമെന്നും അതു തമിഴ്‌നാട്ടില്‍ കലാപത്തിനു വഴിവയ്ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം.

മദ്രാസ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാവിലെ 11 ന് സത്യപ്രതിജ്ഞ നടക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പൊതുതാല്‍പര്യ ഹര്‍ജി. ഹര്‍ജി ചൊവ്വാഴ്ച രാവിലെ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്. അതിനിടെ തമിഴ്‌നാടിന്റെകുടി ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ നീക്കങ്ങളും അനിശ്ചിതത്വത്തിന് ആക്കംകൂട്ടി. ശശികല ഉള്‍പ്പെട്ട കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ നിയമവൃത്തങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹിയില്‍നിന്ന് ഗവര്‍ണര്‍ ചെന്നൈക്കു തിരിക്കാതെ മുംബൈക്കു മടങ്ങുകയും ചെയ്തതോടെ സത്യപ്രതിജ്ഞ അനിശ്ചിത്വത്തിലായി. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അന്തിമവിധി വന്നശേഷം സത്യപ്രതിജ്ഞയ്ക്കു മുതിര്‍ന്നാല്‍മതിയെന്ന നിയമോപദേശം ശശികലയ്ക്കു ലഭിച്ചതായും സൂചനകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.