1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2023

സ്വന്തം ലേഖകൻ: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ സേവന പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. കുടുംബങ്ങൾക്കിടയിലെ വാഹന ഉടമസ്ഥാവകാശം കൈമാറ്റം, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള എട്ട് സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. പുതിയ സേവനങ്ങളുടെ പ്രഖ്യാപനം പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമിയും നാഷണൽ ഇൻഫർമേഷൻ സെന്റർ മേധാവി ഡോക്ടർ ഉസാം അൽവഖീതും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കുടുംബക്കാർക്കിടയിലെ വാഹന ഉടമസ്ഥവകാശം കൈമാറ്റം, കമ്പനികളുടെ ഉടമസ്ഥതിയിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റൽ, ഷോറുമുകളിൽ നിന്ന് വാഹനരജിസ്ട്രേഷൻ അനുവദിക്കൽ, ബൈക്ക് ഉടമസ്ഥവകാശം കൈമാറ്റവും രജിസ്ട്രേഷനും, മുൻകൂട്ടിയുള്ള ഡ്രൈവിംഗ് ലൈസൻസ്, വാഹനരജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങളാണ് പുതുതായി ലഭ്യമാക്കിയത്.

സ്വദേശികൾക്കും വിദേശികൾക്കുമായി 350ലേറെ സേവനങ്ങളാണ് അബ്ഷിർ വഴി ലഭ്യമാക്കിവരുന്നത്. വ്യക്തികൾക്ക് സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ ഓൺലൈനിൽ പൂർത്തിയാക്കാമെന്നതാണ് പ്ലാറ്റഫോമിന്റെ പ്രത്യേകത. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഓഫിസുകള്‍ കയറിയിറങ്ങാതെ ചുരുങ്ങിയ സമയംകൊണ്ട് ലഭ്യമാക്കുന്നതാണ് അബ്ഷിര്‍ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം.

ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന പോര്‍ട്ടല്‍ വഴിയും ഗൂഗ്ള്‍ പ്ലേ, ആപ് സ്റ്റോര്‍, ആപ് ഗ്യാലറി എന്നിവയിലൂടെ ലഭിക്കുന്ന അബ്ഷിര്‍ ആപ്പ് വഴിയും സേവനങ്ങള്‍ ലഭ്യമാണ്. വ്യക്തിഗത ആപ്പും അബ്ഷിര്‍ ബിസിനസ് ആപുമുണ്ട്. രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ച് സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി കഴിഞ്ഞ മാസം അബ്ഷിര്‍ വഴി 35.5 ലക്ഷത്തിലേറെ സേവനങ്ങളാണ് നല്‍കിയത്. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി 19.5 ലക്ഷത്തിലേറെ സേവനങ്ങളും അബ്ശിര്‍ ബിസിനസ് വഴി 16 ലക്ഷത്തിലേറെ സേവനങ്ങളും നല്‍കി. വാഹന വില്‍പന, വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ പൊതുസേവനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും അബ്ഷിര്‍ വഴി മറുപടിയും ലഭ്യമാണ്.

ഇഖാമ പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റല്‍, പ്രൊഫഷന്‍ മാറ്റല്‍, ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കല്‍, റീഎന്‍ട്രി വീസ, റീഎന്‍ട്രി റദ്ദാക്കല്‍, സൗദി പാസ്‌പോര്‍ട്ട് പുതുക്കലുകള്‍, റീഎന്‍ട്രി ദീര്‍ഘിപ്പിക്കല്‍, മുഖീം റിപ്പോര്‍ട്ട് സേവനം, പുതിയ വീസയിലെത്തുന്ന വേലക്കാരികളെ സ്‌പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച് എയര്‍പോര്‍ട്ടുകളില്‍ നിന്ന് സ്വീകരിക്കാനുള്ള അനുമതിപത്രം ലഭ്യമാക്കല്‍, പ്രൊബേഷന്‍ കാലത്ത് ഫൈനല്‍ എക്‌സിറ്റ്, വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ തുടങ്ങിയ സേവനങ്ങള്‍ അബ്ഷിര്‍ വഴി നല്‍കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.