
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വ്യോമ ഗതാഗത മേഖലയിൽ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നതിന് ഉന്നത തല ചർച്ച നടത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഐലിജ്, മാനവ വിഭവ വികസന നിധി (ഹദഫ്) മേധാവി തുർക്കി അൽ-ജവൈനി എന്നിവരാണ് റിയാദിലെ ജിഎസിഎ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയത്.
വ്യോമയാന മേഖലയിലെ പ്രാദേശികവത്കരണം, യോഗ്യത, പരിശീലനം തൊഴിൽ എന്നിവ സംബന്ധിച്ചായിരുന്നു ചർച്ച. സൗദി പൗരന്മാരുടെ തൊഴിൽ സുരക്ഷയ്ക്ക് ഹദഫ് നൽകുന്ന സേവനങ്ങളും അവലോകനം ചെയ്തു. 2021 ജനുവരി മുതൽ സൗദിയിലെ പൊതു-സ്വകാര്യ വ്യോമ ഗതാഗത രംഗം സ്വദേശിവത്കരിക്കുന്നതിന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഹദഫ് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.
നേതൃപരവും സാങ്കേതിക-ഭരണനിർവഹണ രംഗങ്ങളിലും സ്വദേശികളെ ഉപയോഗപ്പെടുത്തുന്നതിനാണ് ഇത്. വിഷൻ 2030 ഉറപ്പ് നൽകുന്ന സ്വദേശി യുവതയുടെ വളർച്ചയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല