1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2016

സ്വന്തം ലേഖകന്‍: തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ ഇന്ത്യക്കാരുടെ എക്‌സിറ്റ് വിസ വിഷയത്തില്‍ കാര്യത്തില്‍ ഇന്ത്യയും സൗദിയും ധാരണയിലെത്തി. തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ എക്‌സിറ്റ് വിസ നല്‍കുന്ന സൗദി നിയമത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇളവു നല്‍കാമെന്ന് സൗദി ഭരണകൂടം വാഗ്ദാനം ചെയ്തതായാണ് സൂചന.

തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. അതേസമയം, സൗദിയിലെ തൊഴിലുടമകളില്‍നിന്ന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലോ, ഇന്ത്യയിലെ പുനരധിവാസ വിഷയങ്ങളിലോ തീരുമാനമൊന്നുമായിട്ടില്ല.

ഗള്‍ഫിലെ മാന്ദ്യം 10,000ഓളം പേരെ ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. റിയാദില്‍ 3,172 പേര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. സൗദി ഓജര്‍ കമ്പനിയിലെ 2,450 തൊഴിലാളികള്‍ ജിദ്ദയിലും മക്കയിലും മറ്റുമായി അഞ്ചു ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ജൂലൈ 25 മുതല്‍ ഭക്ഷണം തന്നെ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് അവിടത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടുത്ത 10 ദിവസത്തേക്ക് കഴിയാനുള്ള ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ സൗദി ഭരണാധികാരികളുമായി ബന്ധപ്പെട്ടിരുന്നു. നിയമാനുസൃത സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് സൗദിക്ക് പോവുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കുവൈത്തിലെ പ്രവാസികളുടെ സ്ഥിതി സൗദിയിലേതിനേക്കാള്‍ മെച്ചമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.