
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ 200ലേറെ പേര്‍ പിടിയിലായി. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ റെയിഡുകളിലാണ് ഇത്രയേറെ പേര്‍ പിടിയിലായത്.
കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ (നസാഹ) ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മ്മാണം തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
ആഭ്യന്തരം, പ്രതിരോധം, നാഷനല്‍ ഗാര്‍ഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിടം, കൃഷി ജലവിഭവം, വിദ്യഭ്യാസം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പിടിയിലായത്. കഴിഞ്ഞ മാസം നസഹ നടത്തിയ 878 ഓളം പരിശോധനകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ഇവര്‍ക്കു പുറമേ വിദേശികളും സ്വദേശികളുമായ 461 പേരും അറസ്റ്റിലായി. ഇവര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രൊസിക്യൂഷന് ഉടന്‍ കൈമാറുമെന്ന് അതോറിറ്റി അറിയിച്ചു. അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറുന്നതിന് നസഹ ബോധവല്‍ക്കരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ട അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല