
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് കിരീടം ചൂടി. അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാമതെത്തി. യുഎന്‍ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് 2021ലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
2021 ലെ സന്തോഷ സൂചികയില്‍ അറബ് ലോകത്ത് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ടാം സ്ഥാനത്താണ്. ആഗോളതലത്തില്‍ 27ാം സ്ഥാനവും. അതേസമയം ബഹ്റൈന്‍ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തും 149 രാജ്യങ്ങളില്‍ ആഗോള തലത്തില്‍ 35ാം സ്ഥാനത്തുമാണ്. മാര്‍ച്ച് 20 ന് നടന്ന ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഏറ്റവും സന്തോഷകരമായ 10 രാജ്യങ്ങളില്‍ ഒമ്പതും യൂറോപ്പ്യന്‍ രാജ്യങ്ങളാണ്. സ്വീഡന്‍, ലക്സംബര്‍ഗ്, ഓസ്ട്രിയ, യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ ന്യൂസിലാന്റ് ആദ്യ പത്തില്‍ ഇടം നേടി ഒമ്പതാം സ്ഥാനം നേടി. ലോകത്തെ പ്രധാന രാജ്യങ്ങളില്‍ 139-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ഭരണാധികാരികളുടെ ഇച്ചാശക്തിയും പൗരന്മാരുടെയും താമസക്കാരുടെയും സന്തോഷവും ക്ഷേമവും, മികച്ച ജീവിതനിലവാരവുമാണ് സൗദി അറേബ്യയുടെ നേട്ടത്തിന് ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.
പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ നേരിടാന്‍ സൗദി അറേബ്യ അസാധാരണമായ ശ്രമങ്ങളാണ് നടത്തിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുകയും എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അനധികൃത താമസക്കാര്‍ക്കും സൗജന്യ ചികിത്സയും വാക്സിനുകളും നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല