
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് വൻകിട കമ്പനികൾക്ക് പിന്തുണ നൽകുന്ന 19,240 കോടി റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ചു. ശരീക് പദ്ധതിയുടെ ഭാഗമായ ആദ്യ പാക്കേജ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു.
2021 മാർച്ച് 30 ന് ആണ് ശരീക് പദ്ധതി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ 28 വൻകിട കമ്പനികൾ ഇതിനകം പദ്ധതിയിൽ ചേർന്നിട്ടുണ്ട്. കിരീടാവകാശിയും സൗദിയിലെ ഏതാനും വൻകിട സ്വകാര്യ കമ്പനി ചെയർമാന്മാരും സിഇഒമാരും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ശരീക് പദ്ധതി ആദ്യ പാക്കേജ് പ്രഖ്യാപിച്ചത്.
ഈ പദ്ധതികൾ രണ്ടു ദശകത്തിനുള്ളിൽ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 46,600 കോടി റിയാൽ സംഭാവന ചെയ്യും. എട്ടു കമ്പനികളുടെ വളർച്ച ശക്തമാക്കുകയും ആഗോള തലത്തിൽ കമ്പനികളുടെ മത്സരക്ഷമത ഉയർത്തുകയും ചെയ്യും. ഇത് സ്വകാര്യ മേഖലയിലെ നിരവധി കമ്പനികൾക്ക് നിക്ഷേപാവസരങ്ങൾ നൽകും.
എട്ടു വൻകിട സ്വകാര്യ കമ്പനികൾ നടപ്പാക്കുന്ന 12 പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കരാറുകൾ ചടങ്ങിൽ ഒപ്പുവച്ചു. ആകെ 19,240 കോടി റിയാലിന്റെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശരീക് സിഇഒ അബ്ദുൽ അസീസ് അൽഅരീഫി പറഞ്ഞു. ഇതിൽ 12,000 കോടി റിയാൽ ശരീക് വഹിക്കും.
സൗദി അരാംകൊയുടെ അഞ്ചു പദ്ധതികളും അക്വാപവർ കമ്പനി, മആദിൻ, സാബിക്, അഡ്വാൻസ്ഡ് പെട്രോകെമിക്കൽ, എസ്ടിസി, സെയ്ൻ, ബഹ്‌രി എന്നീ കമ്പനികളുടെ പദ്ധതികളുമാണ് ശരീക് പദ്ധതിയുടെ ആദ്യ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല