1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015

സൗദി അറേബ്യയില്‍ താമസരേഖകളില്ലാതെ പൊലീസ് പിടിയിലാകുന്ന അനധികൃത താമസക്കാരെ ഉടന്‍ നാടുകടത്താന്‍ തീരുമാനം. പൊലീസ് പിടിയിലായശേഷം അധികൃതര്‍ ആവശ്യപ്പെടുന്ന താമസരേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരെയാണ് നാടുകടത്തുകയെന്ന് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ അറിയിച്ചു.

കാലാവധി തീര്‍ന്ന താമസരേഖകളുമായി പിടിയിലാകുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികളുണ്ടാകും. പിടിയിലാകുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ സ്‌പോണ്‍സര്‍മാരെയും തൊഴിലുടമകളെയും എസ്എംഎസ് വഴി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിക്കും. ഇതിനുള്ള സംവിധാനങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്രമീകരിച്ചിട്ടുണ്ട് താമസ രേഖകള്‍ പുതുക്കാന്‍ വേണ്ട നിയമനടപടികള്‍ സ്വീകരിച്ച് സ്‌പോണ്‍സര്‍മാര്‍ക്ക് തങ്ങളുടെ തൊഴിലാളികളെ നാടുകടത്തലില്‍ നിന്ന് രക്ഷിക്കാനാണിത്. തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് സ്‌പോണ്‍സര്‍മാര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വിദേശ തൊഴിലാളികളെ ഉടന്‍ തന്നെ നാടുകടത്തും.

മതിയായ താമസ തൊഴില്‍ രേഖകളില്ലാത്തതിന്റെ പേരില്‍ 20 സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേരെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഭൂരിപക്ഷംപേരും യെമന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്നവരാണിവരെന്ന് അധികൃതര്‍ പറഞ്ഞു. അനധികൃത താമസക്കാരെ പിടികൂടാന്‍ പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടമെന്റ് അടുത്തിടെയാണ് ശക്തമായ ക്യാംപെയിന്‍ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.