1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആദ്യ മദ്യവില്‍പ്പനശാല തലസ്ഥാനമായ റിയാദില്‍ തുറക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിയാദിലെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന മദ്യവില്‍പനശാല അമുസ്ലിംങ്ങളായ നയതന്ത്രജ്ഞര്‍ക്ക് വേണ്ടി മാത്രമായിരിക്കും. മദ്യവില്‍പനശാലയില്‍ എത്തുന്നതിന് ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടുകയും വേണം.

മദ്യം വാങ്ങുന്നതിന് പ്രതിമാസ ക്വാട്ടയുണ്ടായിരിക്കും. സൗദി അറേബ്യയില്‍ വിനോദസഞ്ചാരവും ബിസിനസും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന പ്രദേശത്താണ് റിയാദില്‍ മദ്യവില്‍പ്പനശാല തുറക്കുക. മദ്യം വില്‍ക്കുന്നത് അമുസ്ലിംകള്‍ക്ക് മാത്രമായി കര്‍ശനമായി പരിമിതപ്പെടുത്തും.

എംബസികളും നയതന്ത്രജ്ഞരും അല്ലാത്ത മറ്റ് അമുസ്ലിം പ്രവാസികള്‍ക്ക് മദ്യവില്‍പ്പനശാലയിലേക്ക് പ്രവേശനം ലഭിക്കുമോ എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്ല. എങ്കിലും, സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രവാസികളും ഏഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം തൊഴിലാളികളാണെന്നത് ശ്രദ്ധേയമാണ്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മദ്യവില്‍പ്പനശാല തുറക്കുമെന്ന് ചില ഉറവിടങ്ങള്‍ സൂചന നല്‍കി. അതോടൊപ്പം സൗദിയിലേക്കുള്ള നയതന്ത്ര ചരക്കുകളില്‍ മദ്യം ഇറക്കുമതി ചെയ്യുന്നതിന് സൗദി ഗവണ്‍മെന്റ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യത്തിന്റെയും ഉല്‍പ്പന്നങ്ങളുടെയും അനധികൃത വ്യാപാരം തടയാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിത്.

അന്താരാഷ്ട്ര നയതന്ത്ര കണ്‍വെന്‍ഷനുകള്‍(സി.ഐസി)ക്ക് അനുസൃതമായി, മുസ്ലിം ഇതര എംബസികളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ക്ക് നിശ്ചിത ക്വാട്ടയ്ക്കുള്ളില്‍ മദ്യം കൊണ്ടുവരാന്‍ നിലവില്‍ അനുമതിയുണ്ട്. മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. ചാട്ടവാറടി, നാടുകടത്തല്‍, പിഴ, തടവ് എന്നിവയാണ് മദ്യപാനത്തിന് സൗദിയില്‍ നിലവിലുള്ള ശിക്ഷ.

അടുത്ത കാലത്തായി ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷ നല്‍കി നിയമം പരിഷ്‌കരിച്ചിരുന്നു. നയതന്ത്ര തപാല്‍ വഴി മാത്രമായിരുന്നു മദ്യം ലഭ്യമായിരുന്നത്. അതേസമയം അനധികൃതമായും നിയവിരുദ്ധമായും മദ്യ നിര്‍മ്മാണം രഹസ്യമായുണ്ടാകാറുണ്ടെങ്കിലും പോലീസ് റൈഡ് നടത്തി കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കാറുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.