1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2015

സ്വന്തം ലേഖകന്‍: ചിറകു വിരിച്ച് കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ് സൗദി എയര്‍ലൈന്‍സ്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പരിഗണിച്ച് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിമാന കമ്പനി.

വ്യോമയാന മേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് നിലവില്‍ പ്രതിദിനം 500 പറക്കലുകളാണ് നടത്തുന്നത്. പടിപടിയായി ഇത് ആയിരമാക്കി വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇതിനായി പുതിയ ഇരുനൂറ് വിമാനങ്ങള്‍ വാങ്ങും. ഇതില്‍ കൂടുതലും ആഭ്യന്തര പറക്കലുകള്‍ക്കാണ് ഉപയോഗിക്കുക.

സൗദി യാത്രക്കാരുടെ എണ്ണം 45 ദശലക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ആഭ്യന്തര സര്‍വീസുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കും. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന് വന്‍ നിക്ഷേപങ്ങള്‍ക്കും പദ്ധതിയിട്ടതായും ജനറര്‍ മാനേജര്‍ എന്‍ജി. സ്വാലിഹ് നാസിര്‍ അല്‍ജാസിര്‍ വ്യക്തമാക്കി.

വ്യോമായന മേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് വൈദഗ്ധ്യം നല്‍കുന്നതിനുള്ള പദ്ധതികള്‍ക്കും എയര്‍ലൈന്‍സ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5000 യുവാക്കളെ പരിശീലിപ്പിക്കും. യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് രാജ്യത്തിന്റെ ചെലവില്‍ വിദേശ രാജ്യങ്ങളിലേക്കയച്ചു പരിശീലനം പൂര്‍ത്തിയാക്കും.

വര്‍ഷം തോറും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആയിരം പേരെ കമ്പനിയുടെ വിവിധ തസ്തികകളില്‍ നിയമനം നല്‍കും. വിമാനം പറത്തല്‍, അറ്റകുറ്റപണികള്‍, വിമാനത്തിനകത്തും പുറത്തുമുള്ള വിവിധ സേവന മേഖലകള്‍, ഗ്രൗണ്ട് ഹാന്റ്‌ലിങ്, മറ്റു അനുബന്ധ സേവന മേഖലകള്‍ എന്നിവയില്‍ അവരുടെ സേവനം ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.