1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം 20 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അസംസ്കൃത എണ്ണവില ഉയരാൻ നിമിത്തമായതായി റിപ്പോർട്ട്. സൗദിയുടെ എണ്ണപ്പാടങ്ങൾക്കോ സംഭരണ കേന്ദ്രങ്ങൾക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്നങ്ങളാണു രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർത്തിയത്.

ബാരലിന് 71 ഡോളറിനു സമീപത്തേക്കു വരെ വില ഉയരുകയും ചെയ്തു. എണ്ണ ഉൽപാദനം കൂട്ടാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്ന് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് വില വീണ്ടും 70 ഡോളർ കടന്നത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരിലൊരാളായ സൗദിയുടെ എണ്ണ സംഭരണ കേന്ദ്രത്തിനും അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾക്കും നേരെയായിരുന്നു ഹൂതി വിമതരുടെ ആക്രമണം. എന്നാൽ ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും സഖ്യസേന തകർത്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രി കടലിൽനിന്നു വിക്ഷേപിച്ച മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന്റെ തൊട്ടു മുൻപാണു സഖ്യസേന തകർത്തത്. നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നെങ്കിലും സംഭരണ കേന്ദ്രത്തിന്റെ തൊട്ടടുത്തു നടന്ന ആക്രമണ ശ്രമം ലോകമൊട്ടാകെ ചർച്ചയായി.

കഴിഞ്ഞ ഒക്ടോബർ മുതൽ പടിപടിയായി ക്രൂഡ് വില ഉയരുകയാണ്. കോവിഡിൽ കുത്തനെ ഇടിഞ്ഞ എണ്ണ ഡിമാൻഡ് ക്രമേണ ഉയരുന്നതാണു കാരണം. ഡിമാൻഡ് ഉയർന്നു നിൽക്കുമ്പോഴും എണ്ണ ഉൽപാദനം കൂട്ടാൻ ഉദ്ദേശ്യമില്ലെന്ന സൗദിയുടെ പ്രഖ്യാപനവും വില കൂടാൻ കാരണമായി.

സൗദിയുടെ ഈ പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച 2.5 ഡോളറിലേറെ വില ബാരലിന് ഉയർന്നിരുന്നു. കോവിഡ് വാക്സീൻ വ്യാപകമാകുന്നതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥകളിലുണ്ടാകുന്ന ഉണർവ് അനുദിനം എണ്ണ ഡിമാൻഡ് കൂട്ടുന്നുണ്ട്. ഈ വർഷം മാത്രം ക്രൂഡ് വിലയിൽ 30 ശതമാനത്തിലേറെ വർധനയുണ്ടായി.

നിലവിൽ റെക്കോർഡ് വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളെ രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ബാധിച്ചേക്കാം. രാജ്യത്തെ ഇന്ധനത്തിന്റെ റീട്ടെയിൽ വില നിശ്ചയിക്കുന്നതിൽ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയ്ക്കു നിർണായക പങ്കാണുള്ളത്.

എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിച്ച് വില നിയന്ത്രിക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൗദിയോട് അഭ്യർഥിച്ചെങ്കിലും അതിനു തയാറായിരുന്നില്ല. വില കുറഞ്ഞ സമയത്ത് നൽകിയ എണ്ണ ഉപയോഗിക്കണമെന്ന് സൗദി ആവശ്യപ്പെടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.