1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി അവസാനിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശം. തൊഴിലുടമ കരാര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ഇത് ബാധകം. തൊഴിലാളിയാണ് കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ 15 ദിവസത്തിനകം സര്‍വീസ് ആനുകൂല്യം നല്‍കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശിച്ചു.

സര്‍വീസ് ആനുകൂല്യത്തിനൊപ്പം ഇതുവരെയുള്ള മുഴുവന്‍ വേതനവും അലവന്‍സ് കുടിശ്ശികയും തീര്‍ത്തുനല്‍കണം. കാലയളവ് പ്രത്യേകം നിര്‍ണയിച്ച തൊഴില്‍ കരാറാണെങ്കിലും അല്ലെങ്കിലും ജീവനക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്.

സര്‍വീസ് ആനുകൂല്യം നല്‍കല്‍ ബാധകമല്ലാത്ത നാലു സാഹചര്യങ്ങളും മന്ത്രാലയം വിശദീകരിച്ചു. ജോലിക്ക് ചേര്‍ന്ന് രണ്ടുവര്‍ഷത്തിനുള്ളില്‍ തൊഴിലാളി രാജിവച്ചാല്‍ ആനുകൂല്യമുണ്ടാവില്ല. പ്രൊബേഷന്‍ കാലത്ത് പിരിച്ചുവിടല്‍, നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി 15 ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി 30 ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താലും സര്‍വീസ് ആനുകൂല്യം നിഷേധിക്കപ്പെടും.

രണ്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം ജോലി രാജിവെക്കുന്നവര്‍ക്കും സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ട്. മൂന്നിലൊന്ന് സര്‍വീസ് ആനുകൂല്യത്തിനാണ് അര്‍ഹത. അഞ്ചു വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് മൂന്നില്‍ രണ്ട് സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. പത്ത് വര്‍ഷം സര്‍വീസുള്ളവര്‍ രാജിവെക്കുകയാണെങ്കില്‍ പൂര്‍ണ തോതിലുള്ള സര്‍വീസ് ആനുകൂല്യമാണ് നല്‍കേണ്ടത്.

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യങ്ങളില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തെ സര്‍വീസ് കാലത്തിന് കൊല്ലത്തില്‍ അര മാസത്തെ ശമ്പളം വീതവും പിന്നീടുള്ള കാലത്തിന് വര്‍ഷത്തിന് ഒരു മാസത്തെ ശമ്പളം വീതവുമാണ് സര്‍വീസ് ആനുകൂല്യമായി ലഭിക്കുക. അധികമായി വരുന്ന മാസങ്ങള്‍ക്കും അതിനനുസൃതമായ കണക്കില്‍ സര്‍വീസ് ആനുകൂല്യം നല്‍കണം. ഏറ്റവും അവസാനം കൈപ്പറ്റുന്ന അടിസ്ഥാന വേതനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുക.

മന്ത്രാലയ വെബ്സൈറ്റില്‍ സര്‍വീസ് ആനുകൂല്യം കണക്കാക്കാനുള്ള സംവിധാനമുണ്ട്. വെബ്സൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ എന്ന വിഭാഗത്തില്‍ സര്‍വീസ് ആനുകൂല്യം കണക്കാക്കുന്ന കാല്‍ക്കുലേറ്റര്‍ എന്ന ഐക്കണിലാണ് ക്ലിക്ക് ചെയ്യേണ്ടത്. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. തൊഴില്‍ കരാര്‍ ഇനം, കരാര്‍ അവസാനിപ്പിക്കാനുള്ള കാരണം, വേതനം, സേവനകാലം എന്നിവ നല്‍കിയാല്‍ ഉടന്‍ തന്നെ സര്‍വീസ് ആനുകൂല്യവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.