
സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നു മുതൽ സൗദിയിലെ പൊതുഇടങ്ങളിൽ പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതോടെ, ആപ്ലിക്കേഷനിൽ വാക്സീന് അപ്പോയ്മെന്റ് ലഭിക്കാത്ത നിരവധി പേരുടെ ആശങ്കക്ക് വ്യക്തത വരുത്തി ആരോഗ്യ മന്ത്രാലയം. രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കാതിരുന്നാൽ മാത്രമേ തവക്കൽനയിലെ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പിന്നിടാത്തവർ ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെങ്കിലും നിലവിലെ സ്റ്റാറ്റസ് തുടരുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, രണ്ടാം ഡോസ് സ്വീകരിച്ച് മൂന്നു മാസം പിന്നിട്ടവർക്ക് തന്നെ ബൂസ്റ്റർ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം രാജ്യത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നും രണ്ടും വാക്സിനേഷനുകൾ ഏതു സ്വീകരിച്ചവർക്കും നിലവിൽ ഫൈസർ വാക്സീൻ ആണ് ബൂസ്റ്റർ ഡോസ് ആയി വിതരണം ചെയ്യുന്നത്.
അഞ്ചു വയസ് മുതൽ മുകളിലേക്കുള്ള മുഴുവൻ പേർക്കും വാക്സിനേഷൻ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതേസമയം, രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം തികയുന്നത് വരെ കാത്തുനിൽക്കാതെ ബൂസ്റ്റർ ഡോസിന് ശ്രമിക്കുന്നതാണ് ഉചിതം.
നിലവിൽ കഴിഞ്ഞ ദിവസം വരെ 54,293,616 പേർക്ക് രാജ്യത്ത് വാക്സീൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 25,228,324 ആദ്യഡോസുകളും 23,496,986 രണ്ടാം ഡോസുകളും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. കൂടാതെ 5,568,306 പേർ ഇതിനകം ബൂസ്റ്റർ ഡോസും സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല