
സ്വന്തം ലേഖകൻ: മൂല്യവർധിത നികുതിയിലോ (വാറ്റ്) പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലോ നിലവിൽ മാറ്റമില്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു. സൗദി അറേബ്യയുടെ ബജറ്റിൽ എണ്ണ വിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ട്. 2022-ലെ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ മിച്ചത്തിന്റെ ഒരു വിഹിതവും പൊതുകടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്. സൗദി കേന്ദ്ര ബാങ്ക് സാമയുടെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2022ൽ സൗദി ഏകദേശം 30 ബില്യൺ റിയാൽ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചു. 2023-ലും 2024-ലും വലിയ പദ്ധതികൾക്കായി സമാനമായ തുക ചെലവഴിക്കുന്നത് തുടരുമെന്നും മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.
സ്വകാര്യമേഖലയുടെ നികുതിഭാരം 16.8 ശതമാനമാണെന്നും ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും ആനുകാലികമായി പഠിക്കുന്നുണ്ടെങ്കിലും നിലവിൽ ഇത് പുനഃപരിശോധിക്കാൻ നിർദേശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി പൊതുകടത്തിന്റെ അനുപാതം G20 രാജ്യങ്ങളിലെ ശരാശരിയേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല