1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2021

സ്വന്തം ലേഖകൻ: ജീവിതത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളായ അതുല്യ പ്രതിഭകള്‍ക്കും പ്രൊഫഷനലുകള്‍ക്കും സൗദി പൗരത്വം നല്‍കിക്കൊണ്ട് ഭരണാധികാരി സൗദി രാജാവിന്റെ പ്രഖ്യാപനം. മതകാര്യങ്ങള്‍, ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സംസ്‌ക്കാരം, സ്‌പോര്‍ട്‌സ്, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ പ്രത്യേക നൈപുണ്യം നേടിയവര്‍ക്കാണ് പുതിയ പ്രഖ്യാപനത്തിലൂടെ സൗദി പൗരത്വം ലഭിച്ചത്. ഇവരുടെ സേവനങ്ങളെ ആദരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിക്ക് ഇവരുടെ സേവനങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്ന തിരിച്ചറിവ് കൂടിയാണ് തീരുമാനത്തിന് പിന്നില്‍.

പൊതു താല്‍പര്യം മുന്‍നിര്‍ത്തി സൗദി ഭരണകൂടം തന്നെയാണ് ഏതാനും പ്രതിഭകള്‍ക്ക് പൗരത്വത്തിനായി തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ വികസനം ലക്ഷ്യം വെച്ച് സൗദി കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന വിഷന്‍ 2030ന്റെ ഭാഗമായാണ് നടപടി. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഫഷനുകളുടെയും പ്രതിഭകളുടെയും സേവനം സഹായകമാവുമെന്നാണ് ഭരണകൂടം വിലിയിരുത്തുന്നതെന്ന് സൗദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കി.

വ്യവസായം, ഊര്‍ജ്ജം, കൃഷി, വാനശാസ്ത്രം, വ്യോമയാനം, കൃത്രിമ ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ മേഖലകളില്‍ നൈപുണ്യം തെളിയിച്ചവരെയും പൗരത്വത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ എണ്ണയിന്‍മേലുള്ള അമിത ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് അതിനെ വൈവിധ്യവല്‍ക്കരിക്കുകയെന്ന സൗദി കിരീടാവകാശിയുടെ ലക്ഷ്യത്തിന് വിവിധ മേഖലകളുടെ വികസനം ആവശ്യമാണ്. ഈ മേഖലകളിലേക്ക് ലോകോത്തര പ്രൊഫഷനുകളെ കൊണ്ടുവരികയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഏജന്‍സി അറിയിച്ചു.

നേരത്തേ നടപ്പിലാക്കിയ പ്രീമിയര്‍ റെസിഡന്‍സി സമ്പ്രദായത്തിലൂടെ ലോകത്തിലെ നിരവധി കോടീശ്വരന്‍മാര്‍ക്ക് സൗദി പൗരത്വം നല്‍കിയിരുന്നു. നിക്ഷേപകര്‍, കമ്പനി ഉടമകള്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയിലൂടെ സൗദി പൗരത്വം നല്‍കിയത്. ഇതിനു പിന്നാലെയാണ് ലോകത്തെ മികച്ച പ്രൊഫഷനലുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള പുതിയ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത്. ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ മാതൃകയിലാണ് വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.