1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ റീജ്യണല്‍ ഓഫീസില്ലാത്ത വിദേശ കമ്പനികള്‍ക്ക് സൗദി സര്‍ക്കാറിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കില്ലെന്ന് തീരുമാനം. 2024 ജനുവരി ഒന്നു മുതലാണ് പുതിയ നിയന്ത്രണം നടപ്പില്‍ വരിക. രാജ്യത്തിന് പുറത്താണ് റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് കരാറുകള്‍ നല്‍കേണ്ടതെന്നാണ് തീരുമാനം.

ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുപ്രകാരം സര്‍ക്കാര്‍ ഫണ്ടുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാവും. വിദേശ കമ്പനികളെ പ്രാദേശിക ഓഫീസുകള്‍ തുറക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യമാണ് തീരുമാനത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ഇത് രാജ്യത്തെ ബിസിനസിന് വലിയ ഉത്തേജനം നല്‍കും.

കൂടാതെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനു പുറത്തേക്ക് ചോര്‍ന്നു പോവാതെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും. അതോടൊപ്പം പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നിര്‍മാണ സാമഗ്രികളുടെ വ്യാപാരം വര്‍ധിക്കുമെന്നു മാത്രമല്ല, നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സൗദി അധികൃതര്‍ക്ക് സാധിക്കുകയും ചെയ്യും.

അതേസമയം, കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് പ്രദേശിക ഓഫീസ് വേണമെന്ന നിബന്ധന രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ബാധകമാക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ മാത്രമേ നിയന്ത്രണം ബാധകമാവൂ. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും സൗദിയിലെ കരാറുകള്‍ ഏറ്റെടുക്കുന്നതിന് തടസ്സം നേരിടില്ലെന്നും അധികൃതര്‍ അറിയിച്ചു.

24 അന്താരാഷ്ട്ര കമ്പനികള്‍ റിയാദില്‍ പ്രാദേശിക ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് സൗദി അധികൃതരുമായി കരാറില്‍ ഒപ്പുവച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പെപ്സികോ, ടിം ഹോര്‍ട്ടണ്‍സ്, ബോഷ്, ബോസ്റ്റണ്‍ സയന്റിഫിക് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളാണ് റിയാദില്‍ പ്രാദേശിക ഓഫീസുകള്‍ ആരംഭിക്കുക. 2030 ഓടെ സൗദി തലസ്ഥാനമായ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ് വ്യവസ്ഥകളിലൊന്നായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ ഭാഗമായാണിത്.

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ മാത്രം ആശ്രയിച്ച് സൗദി അറേബ്യയുടെ സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്താതെ വാണിജ്യമേഖലയിലേക്കും കടക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.