
സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന് ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു സൗദി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇന്ത്യയിൽ നിന്നു നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി സൗദിയിലേക്കു പോയിരുന്നതും ഇന്നലെ നിലച്ചു. ഇതോടെ ആയിരങ്ങൾ യുഎഇയിൽ കുടുങ്ങി. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.
യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയ 700 മലയാളികൾ ഇന്നലെ 3 വിമാനങ്ങളിലും 2 ബസുകളിലുമായി രാത്രി 9നു മുൻപ് അതിർത്തി കടന്നു. രാത്രി 9ന് ആണു വിലക്ക് പ്രാബല്യത്തിലായത്. വിലക്കിന്റെ സമയപരിധി വ്യക്തമാക്കാത്തതിനാൽ യുഎഇയിൽ കുടുങ്ങിയവർക്കു മുന്നിൽ ഒന്നുകിൽ നാട്ടിലേക്കു തിരിച്ചുപോകുക അല്ലെങ്കിൽ പുതിയ അറിയിപ്പു വരുന്നതുവരെ തുടരുക എന്നീ രണ്ടു വഴികളാണുള്ളത്.
ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ സൗദി വിസയുടെയും ഇഖാമയുടെയും കാലാവധി കഴിയുന്നവരും കുവൈത്തിലേക്ക് യാത്ര ചെയ്യേണ്ടവരും യുഎഇയിൽ തങ്ങുന്നുണ്ട്. കുവൈത്തും വിലക്കേർപ്പെടുത്തുമോ എന്ന ആശങ്കയിലാണിവർ. ക്വാറന്റിൻ ഉൾപ്പെടെ 16 ദിവസത്തെ പാക്കേജിനപ്പുറത്തേക്ക് അവിടെ തുടരണമെങ്കിൽ താമസം, ഭക്ഷണം, വീസ എന്നിവയ്ക്കുള്ള പണം കണ്ടെത്തണമെന്നതാണ് ഇവർ നേരിടുന്ന മറ്റൊരു പ്രശ്നം.
അതിനിടെ, സൗദിയുമായുള്ള എയർ ബബ്ൾ കരാർ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ പുതിയ നിയന്ത്രണം വന്നതുമൂലം നേരിട്ടുള്ള വിമാന സർവീസ് വൈകാനാണു സാധ്യതയെന്ന് ഇന്ത്യൻ എംബസി സൂചിപ്പിച്ചു. എന്നാൽ, സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് സർവീസ് തുടരും. യാത്രാവിലക്കുള്ള രാജ്യങ്ങൾ വഴി വരുന്ന ഇതര രാജ്യക്കാർക്കും വിലക്കുണ്ട്. ആരോഗ്യപ്രവർത്തകർക്കും നയതന്ത്രജ്ഞർക്കും സൗദി പൗരന്മാർക്കും ഏതു രാജ്യത്തുനിന്നായാലും വിലക്ക് ബാധകമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല