
സ്വന്തം ലേഖകൻ: മേയ് 17 മുതൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്ര പുനരാരംഭിച്ചതോടെ യാത്രക്കാർക്കായി പുതിയ മാർഗരേഖ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. നിലവിലുള്ള നടപടിക്രമങ്ങൾക്കു പുറമെ പുതിയ പ്രതിരോധ നപടികൾ ഉൾപ്പെടുന്നതാണ് മാർഗരേഖ. താമസ സ്ഥലത്തുനിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനം എത്തുന്നതുവരെ യാത്ര സുരക്ഷിതമാകുന്നതിനുവേണ്ട നിർദേശങ്ങളാണ് ഇതിലുള്ളത്. യാത്രക്കാർ പാലിക്കേണ്ട പുതിയ നടപടികളിൽ ഏറ്റവും പ്രധാനം ‘തവക്കൽനാ’ ആപ്ലിക്കേഷൻ വിമാനത്താവള കവാടത്തിൽ കാണിക്കണമെന്നതാണ്.
യാത്രാനുമതിയുള്ള വിഭാഗങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച നിബന്ധനകൾക്ക് അനുസൃതമായിരിക്കും നടപടികൾ. വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രടിക്കറ്റ് എടുത്തവർക്ക് മാത്രമായിരിക്കും. നിശ്ചിത സമയത്തിനു മുമ്പ് വിമാനത്താവളത്തിൽ എത്തിയിരിക്കണം. വിമാനത്താവള ടെർമിനലിനകത്തേക്ക് കടക്കുംമുമ്പ് ആരോഗ്യ സ്റ്റാറ്റസ് ഉറപ്പുവരുത്തണം. താപനില 38 ഡിഗ്രി സെൽഷ്യസ് കവിയുന്നവരെ വിമാനത്തിൽ പ്രവേശിക്കുന്നതു തടയുമെന്നും മാർഗരേഖയിലുണ്ട്.
നോട്ടുകളുടെ ഉപയോഗം കുറക്കാൻ പണമടക്കുന്നതിന് ഇലക്ട്രോണിക് മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. യാത്രക്കാർ കൂടുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം. വിമാനത്തിനുള്ളിൽ ജീവനക്കാരും യാത്രക്കാരും യാത്രയിലുടനീളം മാസ്കും കൈയുറയും ധരിച്ചിരിക്കണം. വിമാനത്തിലെ തിരക്കിനനുസരിച്ച് കഴിയുന്നത്ര സാമൂഹിക അകലം പാലിക്കണം.
വിമാനത്തിനുള്ളിൽ നമസ്കരിക്കാൻ സ്ഥലമുണ്ടെങ്കിൽ അത് അടച്ചിരിക്കണം. ഒരോ യാത്രക്ക് ശേഷവും മുൻകരുതൽ നടപടികൾ പാലിക്കൽ തുടരണം. യാത്രക്കിടയിൽ കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് ക്വാറൻറീനായി പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കണം. രോഗമായവരെ പരിചരിക്കാനും അവരുടെ ചലനം പരമാവധി കുറക്കാനും ഒരു ജീവനക്കാരനെ നിയമിക്കണം.
ലക്ഷ്യസ്ഥാനത്തെത്തുേമ്പാൾ രോഗിയായ യാത്രക്കാരെൻറ ലേഗജുകൾ നടപടിക്രമങ്ങൾ അനുസരിച്ച് കൈമാറുകയും രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻവേണ്ട നടപടികൾ സ്വീകരിക്കണമെന്നും പുതിയ മാർഗരേഖയിലുണ്ട്.
അടച്ചിട്ടിരുന്ന കര, വ്യോമ, നാവിക പാതകള്‍ തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതൽ തുറന്നതോടെ പ്രത്യേക യാത്ര വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് സൗദി വിമാനത്താവളങ്ങളിൽ നിന്ന് സാധാരണ രീതിയിലുള്ള വിമാന സര്‍വിസുകൾ പുനരാരംഭിരംഭിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോസ്നിയന്‍ തലസ്ഥാനമായ സരാജാവോയിലേക്കാണ് ആദ്യവിമാനം പറന്നുയർന്നത്.
ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പുറപ്പെട്ടത് ആംസ്റ്റർഡാമിലേക്കാണ്. കെ.എൽ.എം എയർലൈൻസിന്റെ ആദ്യവിമാനത്തിൽ പുറപ്പെടാനെത്തിയവരെ പൂക്കൾ നൽകിയാണ് ദമ്മാം വിമാനത്താവള അധികൃതർ യാത്രയയച്ചത്. ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ വിമാന സർവീസ് കയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു.
അന്താരാഷ്ട്ര സര്‍വിസുകള്‍ക്കുള്ള വിലക്ക് പിൻവലിച്ചപ്പോഴും നേരത്തെ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ, യു.എ.ഇ തുടങ്ങിയ 20 രാജ്യങ്ങളിൽ നിന്നും വിദേശ യാത്രക്കാർക്ക് നേരിട്ട് സൗദിയിലേക്ക് യാത്രാനുമതി നൽകിയിട്ടില്ല. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മാത്രമേ സൗദിയിൽ പ്രവേശനം അനുവദിക്കൂ. അതുകൊണ്ട് ഇന്ത്യയിൽ നിന്നും നിലവിൽ ബഹ്‌റൈൻ വഴിയോ മറ്റോ മാത്രമേ പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
അതിനിടെ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾ അതാതു രാജ്യത്തെ നിലവിലെ വാക്സിൻ രണ്ട് ഡോസും എടുത്തവരാണെങ്കിൽ അവർക്ക് സൗദിയിലെത്തിയാൽ മെയ് 20 നു ശേഷമുള്ള ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ അവിടങ്ങളിലെ വാക്സിൻ സൗദി അംഗീകരിച്ചവ ആയിരിക്കണമെന്നും അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സൗദിയിലെത്തിയാൽ കാണിക്കണമെന്നും നിബന്ധനയുണ്ട്. വാക്സിൻ ഒറ്റ ഡോസ് എടുത്തവർക്ക് ഈ ആനുകൂല്യം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല