1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെയാണ് നീട്ടി നല്‍കുക.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. സൗദി പ്രസ്സ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെ നീട്ടി നല്‍കണമെന്ന് സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ല. വിസകളുടെ കാലാവധി ഓട്ടോമാറ്റിക് ആയി നീട്ടുന്നതിനുള്ള നടപടികള്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുമെന്നും ജവാസാത്ത് അറിയിച്ചു. യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സന്ദര്‍ശക വിസയും ഓഗസ്റ്റ് 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ നേരത്തെ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് സൗജന്യമായി വിസ കാലാവധി നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചതെന്നും സൗദി പ്രസ് ഏജന്‍സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.