
സ്വന്തം ലേഖകൻ: സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് നോർക്ക റൂട്ട്സ്. കോവിഡ് യാത്രാ വിലക്ക് മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കാണ് നോർക്കയുടെ ജാഗ്രതാ മുന്നറിയിപ്പ്. വിമാന ഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികളാണ്.
ഇങ്ങനെ ത്രിശങ്കുവിലായ മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഐഎഎസ് ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ടു. ബഹ്റൈൻ, സൗദി അറേബ്യ, ഇന്ത്യൻ അമ്പാസിഡർമാർക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്.
നിരവധി മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. സ്വകാര്യ ഏജൻസികൾ നൽകുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പ്രവാസികൾ ജാഗ്രത പുലർത്തണമെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. സൗദിയിലേക്കുള്ള പ്രധാന ഇടത്താവളമായിരുന്ന ബഹ്റൈനും പ്രവേശന വിലക്ക് ഏർപ്പെടുത്തിയതാണ് പ്രവാസികൾക്ക് ഇരുട്ടടിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല