1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2021

സ്വന്തം ലേഖകൻ: സൗദി പ്രവാസികൾക്ക് ആശ്വാസമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കുകൾ നീങ്ങിയതോടെയാണ് യാത്ര കൂടുതൽ സുഗമമാകുന്നത്. സൗദിയിൽ നിന്ന് സമ്പൂർണ വാക്സിൻ സ്വീകരിക്കാത്തവർക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും അത് സൗദിക്ക് പുറത്ത് നിന്നായാൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇവിടെ ഇറങ്ങാൻ സാധ്യമല്ല.

യാത്രക്കാർ വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയതിന് ശേഷമാണ് സൗദിയിൽ പ്രവേശനം ഇപ്പോൾ സാധ്യമാകുന്നത്. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇത്തരം ഇടത്താവളമായി സൗദി പ്രവാസികൾ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ വൈറസ് വ്യാപനം രൂക്ഷമായതോടെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശനം വിലക്കിയത് സൗദി പ്രവാസികൾക്ക് മുമ്പിൽ വാതിലടച്ചു. അല്ലെങ്കിൽ അതാത് രാജ്യത്തെ താമസ വീസക്കാർക്ക് മാത്രം അനുമതി നിജപ്പെടുത്തിയതും ഇതുവഴിയുള്ള യാത്രയ്ക്ക് തടസമായി.

സെർബിയ, മാലിദ്വീപ്, താൻസാനിയ രാജ്യങ്ങൾ വഴി വൻതുക തുക ചെലവഴിച്ചാണ് സൗദി പ്രവാസികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയത്. ആദ്യം ഖത്തറും പിന്നീട് ഒമാനും വിലക്കുകൾ നീക്കിയത് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ ഇവിടങ്ങളിലെ ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥകൾ പ്രവാസികളെ വീണ്ടും വലച്ചു. കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇപ്പോൾ യുഎയും ട്രാൻസിറ്റ് യാത്രക്കാർക്ക് വിലക്കുകൾ നീക്കുകയും 14 ദിവസം അവിടെ തങ്ങുന്നതിന് ഓൺ അറൈവൽ വീസ നൽകാൻ ആരംഭിക്കുകയും ചെയ്തു.

സൗദി അല്ലാത്ത ഗൾഫ് രാജ്യങ്ങൾ നേരത്തേ മുതൽ താമസ വീസക്കാർക്ക് വിലക്കുകൾ നീക്കിത്തുടങ്ങിയത് അവിടങ്ങളിലേക്കുള്ള തിരിച്ചു വരവുകൾ സാധാരണ ഗതിയിലാക്കിയിരുന്നു. സൗദി പ്രവാസികൾ അപ്പോഴും വൻതുക മുടക്കി കറങ്ങിത്തിരിഞ്ഞ് വരേണ്ട സ്ഥിതിയിലും ആയിരുന്നു. എന്നാൽ ഖത്തറിലും ബഹ്‌റൈനിലും അധികൃതർ പട്ടികപ്പെടുത്തിയ ഹോട്ടലുകളിൽ നിർബന്ധിത ക്വാറന്റീനിൽ കഴിയണം എന്നത് ഇപ്പോഴും ഒരു പ്രശ്നമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.