
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയവർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചാൽ മതി എന്ന നയം തിരുത്തി സൗദി ആരോഗ്യ മന്ത്രാലയം. ഇങ്ങനെയുള്ളവർക്ക് രണ്ടാമത്തെ ഡോസും സ്വീകരിക്കാം എന്നാണ് പുതിയ നയം. ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത വൈറസുകളുടെ ആക്രമണങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നതിന് രണ്ട് ഡോസുകൾ കൂടുതൽ ഫലപ്രദമാണന്ന കണ്ടെത്തലുകളെത്തുടർന്നാണ് പുതിയ തീരുമാനം.
ഇത്തരക്കാർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള അപ്പോയ്മെൻറുകളും നൽകിത്തുടങ്ങി. കോവിഡ് പ്രസരണം പൂർണ്ണമായും തടയുന്നതിനും,രോഗ തീവ്രത കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചകൂടിയാണ് പ്രസ്തുത തീരുമാനമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. സിഹത്തി ആപ്ലിക്കേഷൻ വഴി ഇവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള അപ്പോയ്മെൻറുകൾ സ്ഥിരീകരിക്കാം. രോഗം ഭേദമായി 10 ദിവസം കഴിഞ്ഞാൽ ആദ്യ ഡോസ് സ്വീകരിക്കാം.
നേരത്തെ രോഗം ഭേദമായി 6 മാസം വരെ കഴിഞ്ഞവർക്ക് ഒരു ഡോസുകൊണ്ട് തന്നെ പുർണ്ണ പ്രതിരോധ ശേഷി കൈവരും എന്നായിരുന്നു നിഗമനം. ഇത് പ്രകാരം പലർക്കും ഒരു ഡോസ് എടുത്തതോടുകൂടി തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കടുത്ത പച്ച നിറത്തിൽ ലഭ്യമായിരുന്നു. ഇവർ രണ്ടാം ഡോസ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ ആവശ്യമില്ലെന്ന സന്ദേശമാണ് ലഭിച്ചിരുന്നത്.
അതേ സമയം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. വാകസിൻ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പിന്തുടരണമെന്നും പ്രിവൻറീവ് മെഡിസിൻ അസിസ്റ്റനറ് ഡെപ്യുട്ടി മന്ത്രി ഡോ: അബ്ദുള്ള അസീരി ജനങ്ങളോട് അഭ്യർത്ഥിച്ചു.
രോഗം ബാധിക്കുന്നവർ ആൻറിബയോടിക് ഉൾപ്പെടെയുള്ള മരുന്നുകൾ കഴിക്കേണ്ടതുണ്ട്. എന്നാൽ കൊറോണ വൈറസുകളെ നേരിട്ട് നശിപ്പിക്കുന്ന പ്രക്രിയയല്ല ഈ മരുന്നുകൾ നിർവ്വഹിക്കുന്നത്. അതേ സമയം അത്തരം വൈറസുകൾ ഉണ്ടാക്കാനിടയുള്ള ഗുരുതരാവസ്ഥകളെ പ്രതിരോധിക്കാൻ ഇതിനാകും. എന്നാൽ സ്വയം ചികിൽസകരുടെ പ്രചാരണങ്ങളിൽ കുടുങ്ങി മരുന്നുകൾ ഒഴിവാക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം ട്വിറ്റിൽ കുറിച്ചു.
കാൻസർ ഉൾപ്പെടെയുള്ള രോഗികൾക്ക് വാക്സിനുകൾ മികച്ച സംരക്ഷണം നൽകുന്നതായി പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. കൊറോണ വൈറസിന്റെ തുടർച്ചയായ വകഭേദങ്ങൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. അല്ലാത്ത പക്ഷം ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവരിൽ വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്.
അതേസമയം, പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത് വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (വെകായ) പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത ആപ്ലിക്കേഷനായ തവക്കൽനയിൽ സൗദി അറേബ്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് അവരുടെ ആരോഗ്യനില ‘ഇമ്മ്യൂൺ’ ആയി രേഖപ്പെടുത്തിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല