
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെ രാജ്യത്തു നിന്നു തുരത്തുന്നതിന്റെ അവസാനഘട്ടത്തിലാണു സൗദി ഇപ്പോൾ ഉള്ളതെന്നും പുതിയ വകഭേദങ്ങളെ നേരിടാനുള്ള സാമൂഹിക പ്രതിരോധ ശേഷി തങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. രാജ്യത്തെ പ്രതിരോധ നടപടികൾ പിൻവലിച്ചതിനു ശേഷമുള്ള ആദ്യ ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തിൽ സ്ഥിതി വിവരങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ നിയന്ത്രണങ്ങൾ എടുത്തു കളയാൻ ആയതിൽ ദൈവത്തോടു നന്ദി പറയുന്നു. രാജ്യവും അതിന്റെ നേതൃത്വവും പകർന്ന പിന്തുണക്ക് അനുസൃതമായി സമൂഹം അവബോധത്തോടെ നടത്തിയ പ്രയത്നങ്ങളാണ് അതിശയകരമായ നേട്ടം കൈവരിക്കാൻ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഞായർ രാവിലെ മുതലാണ് രാജ്യത്ത് കോവിഡ് മുൻകരുതൽ നടപടികളും പ്രതിരോധ വ്യവസ്ഥകളും നീക്കിയത്.
ഇതുപ്രകാരം മക്കയിലെയും മദീനയിലെയും ഹറമുകൾ, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. അതേസമയം പള്ളിക്കകത്ത് പ്രവേശിക്കാൻ മാസ്ക് നിർബന്ധവുമാണ്. തുറന്നതോ അടച്ചതോ ആയ മുഴുവൻ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. അതേസമയം അടഞ്ഞ ഇടങ്ങളിൽ മാസ്ക് ധരിക്കൽ തുടരണമെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പ്രധാനമായ മറ്റൊരു തീരുമാനം രാജ്യത്തേക്ക് കടക്കുന്നതിന്റെ നിശ്ചിത മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തിയ നെഗറ്റീവ് ഫലം സമർപ്പിക്കണമെന്ന നിബന്ധനയും എടുത്തു കളഞ്ഞു എന്നതാണ്. ഇങ്ങനെ രാജ്യത്തേക്ക് വരുന്നവർ ക്വറന്റീനിൽ കഴിയണമെന്നതും ഇനിമുതൽ ആവശ്യമില്ല. അതേസമയം സന്ദർശന വിസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് കോവിഡ് ചികിത്സ കൂടി കവർ ചെയ്യുന്ന തരം ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
കൂടാതെ രാജ്യത്തേക്ക് നേരിട്ട് എത്തിപ്പെടുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, നമീബിയ, മൊസാംബിക്, മലാവി, മൗറീഷ്യസ്, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, കൊമോറോസ്, നൈജീരിയ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ എന്നിവ ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളെയും ഒഴിവാക്കുകയും ചെയ്തു.
പൂർണമായ പ്രതിരോധ ശേഷിയായി മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ആണ് കണക്കാക്കുക എന്നും സംഗമങ്ങൾ, മാളുകൾ, പൊതുഗതാഗതം, വിമാനം എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് തവക്കൽനയിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധന തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അധികാരികളുടെയും വിവിധ വകുപ്പുകളുടെയും തുടർച്ചയായ വിലയിരുത്തലിന് ശേഷമാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന് വക്താവ് പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല